ചേരമ്പാടി (വയനാട്): കോഴിക്കോട് നിന്ന് ഒന്നരവർഷം മുൻപ് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രന്റെ തിരോധാനത്തിൽ വഴിത്തിരിവ്. ഹേമചന്ദ്രന്റെ മൃതദേഹ ഭാഗങ്ങൾ വനത്തിൽ നിന്ന് കണ്ടെത്തി. തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള ചേരമ്പാടി വനത്തിലാണ് ഹേമചന്ദ്രന്റേതെന്ന് കരുതുന്ന മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.
മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേരള, തമിഴ്‌നാട് പോലീസിന്റെ നേതൃത്വത്തിലാണ് നടപടികൾ. രണ്ടുപേർ കസ്‌റ്റഡിയിൽ ഉള്ളതായാണ് വിവരം. മൃതദേഹം മറവ് ചെയ്യാൻ സഹായിച്ച രണ്ടുപേരാണ് പിടിയിലായതെന്നാണ് വിവരം. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് സൂചന.
പ്രതികളിൽ ചിലർ വിദേശത്താണെന്നും വിവരമുണ്ട്. ഇവർക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസിറക്കും. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം മായനാടാണ് വയനാട് സ്വദേശിയായ ഹേമചന്ദ്രൻ താമസിച്ചിരുന്നത്. ഒന്നരവർഷം മുൻപ് കോഴിക്കോട്ടെ വീട്ടിൽ നിന്നും രണ്ടുപേർ ഹേമചന്ദ്രനെ കൂട്ടികൊണ്ടുപോയി. പിന്നാലെ ഇയാളെ കാണാതാവുകയായിരുന്നു.
ഇതുസംബന്ധിച്ച് ഹേമചന്ദ്രന്റെ ഭാര്യ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്‌ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വനത്തിൽ മൃതദേഹ ഭാഗം കണ്ടെത്തിയത്. കോഴിക്കോട് അസി. കമ്മീഷണർ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്‌ഥർ അന്വേഷണത്തിന്റെ ഭാഗമായി വയനാട്ടിലെത്തിയിട്ടുണ്ട്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!