മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പ്ളസ് ടു വിദ്യാർഥിനികളെ കണ്ടെത്തി. മുംബൈ- ചെന്നൈ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടികളെ ഇന്ന് പുലർച്ചെ ഒന്നേമുക്കാലിന് ലോനാവാലയിൽ വെച്ച് റെയിൽവേ പോലീസാണ് കണ്ടെത്തിയത്. ഇവരെ പൂനെയിലെത്തിച്ചു. ഉച്ചയോടെ താനൂർ പോലീസിന് പെൺകുട്ടികളെ കൈമാറും.
മലപ്പുറം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം രാവിലെയോടെ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. കുട്ടികളെ നാട്ടിലെത്തിച്ച ശേഷം കൗൺസലിങ് അടക്കം നൽകുമെന്ന് പോലീസ് അറിയിച്ചു. ഒന്നര ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ മൊബൈൽ ലൊക്കേഷൻ വഴിയുള്ള അന്വേഷണമാണ് കുട്ടികളെ കണ്ടെത്താൻ നിർണായകമായത്.
കുട്ടികൾ സുരക്ഷിതരാണ്. വീട്ടിലേക്ക് പോകുന്നതിൽ സന്തോഷമെന്ന് ഇരുവരും അറിയിച്ചതായാണ് വിവരം. ഇന്ന് തന്നെ വീട്ടിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെൺകുട്ടികൾ മുംബൈയിൽ എത്തിയതായി നേരത്തെ തന്നെ സ്ഥിരീകരിച്ച പോലീസ് ഇവർക്കൊപ്പം ഒരു യുവാവ് ഉണ്ടെന്നും കണ്ടെത്തിയിരുന്നു. പിന്നീട് ഇയാളെ ബന്ധപ്പെടാൻ കഴിഞ്ഞെങ്കിലും പെൺകുട്ടികൾ അയാൾക്കൊപ്പം ഇല്ലെന്നായിരുന്നു മറുപടി.
ഇതിനിടെ, ഉച്ചയോടെ ഇവർ സലൂണിലെത്തി ഹെയർ ട്രീറ്റ്മെന്റ് ചെയ്തതായി വിവരം ലഭിച്ചു. അവിടെ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നു. കുട്ടികൾ അവിടെ എത്തിയതായി മലയാളിയായ സലൂൺ ഉടമയും പിന്നീട് സ്ഥിരീകരിച്ചു. വൈകിട്ട് നാലുമണിയോടെ ഇവർ മുംബൈ സിഎസിടി റെയിൽവേ സ്റ്റേഷനിൽ എത്തിയെന്നാണ് വിവരം. പിന്നീട് നാല് മണിക്കൂറോളം ഇവർ അവിടെ തന്നെ തുടർന്നു.
രാത്രി ഒമ്പത് മണിയോടെ തങ്ങളുടെ മൊബൈൽ ഫോണിൽ ഇവർ പുതിയ സിം കാർഡ് ഇട്ടു. ഇതാണ് അന്വേഷണത്തിൽ നിർണായകമായത്. കുട്ടികളുടെ ടവർ ലൊക്കേഷൻ നിരീക്ഷിക്കുകയായിരുന്ന കേരള പോലീസിന് ഇവർ പുതിയ സിം ഫോണിൽ ഇട്ടപ്പോൾ തന്നെ ടവർ ലൊക്കേഷൻ ലഭിച്ചു. മുംബൈ സിഎസിടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ലൊക്കേഷൻ എന്ന് മനസിലാക്കിയ പോലീസ് മുംബൈയിലെ മലയാളി അസോസിയേഷൻ പ്രവർത്തകരുടെ സഹായത്തോടെ തിരച്ചിൽ തുടങ്ങി.
എന്നാൽ, 10.45ഓടെ ഇവർ അവിടെ നിന്ന് പുറപ്പെട്ടു. സിഎസിടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ചെന്നൈ- എഗ്മോർ എക്സ്പ്രസിൽ കയറി. 1.45ന് ട്രെയിൽ ലോനാവാലയിൽ എത്തിയപ്പോഴാണ് റെയിൽവേ പോലീസ് ഇവരെ പിടികൂടുന്നത്. താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാർഥിനികളായ അശ്വതി, ഫാത്തിമ ഷഹ്ദ എന്നിവരാണ് നാടുവിട്ടുപോയത്.
ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോയ ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു. അശ്വതിയും ഫാത്തിമയും പരീക്ഷയ്ക്ക് ഹാജരാകാതിരുന്ന വിവരം അധ്യാപകരാണ് വീട്ടുകാരെ അറിയിച്ചത്. പിന്നാലെയാണ് താനൂർ പോലീസിൽ പരാതി നൽകിയത്. ബുധനാഴ്ച ഉച്ചയോടെ പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.
Most Read| അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ തിരിച്ചയക്കില്ല; നടപടിയുമായി യുഎസ്






































