കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് കാൽവഴുതി വീണ് ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി. ഉമ കണ്ണ് തുറന്നതായും കൈകാലുകൾ അനക്കിയതായും അവരോട് അടുപ്പമുള്ള വൃത്തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാവിലെ പത്തുമണിക്ക് മെഡിക്കൽ ബുള്ളറ്റിൻ വരുമ്പോൾ മാത്രമേ ആരോഗ്യനിലയിലെ പുരോഗതി വ്യക്‌തമാകൂ. റിനൈ മെഡിസിറ്റിയിൽ വെന്റിലേറ്ററിലാണ് ഉമ തോമസ്. അപകടനില തരണം ചെയ്‌തിട്ടില്ലെന്ന് ആശുപത്രി അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. ശ്വാസകോശത്തിനേറ്റ പരിക്ക് ഗുരുതരമായതിനാൽ കൂടുതൽ ദിവസം വെന്റിലേറ്റർ ചികിൽസ വേണ്ടി വന്നേക്കാമെന്നും അധികൃതർ വ്യക്‌തമാക്കിയിരുന്നു.
മസ്‌തിഷ്‌കത്തിലെ പരിക്കുകൾ ഗുരുതരമല്ലെന്നത് ആശ്വാസമാണ്. ശ്വാസകോശത്തിലെ ചതവും രക്‌തസ്രാവവുമാണ് വെല്ലുവിളിയെന്ന് റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്‌ടർ ഡോ. കൃഷ്‌ണനുണ്ണി പോളക്കുളത്ത് പറഞ്ഞു. മൂക്കിലെ എല്ലിനും വാരിയെല്ലുകൾക്കും നട്ടെല്ലിനും ഒടിവുണ്ട്. കോട്ടയം ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടികെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വിദഗ്‌ധോപദേശവും ചികിൽസയ്‌ക്കായി ലഭ്യമാക്കിയിട്ടുണ്ട്.
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നർത്തകിയും സിനിമാ താരവുമായ ദിവ്യ ഉണ്ണി സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യക്ക് എത്തിയതായിരുന്നു എംഎൽഎ. കൊച്ചി കലൂർ സ്‌റ്റേഡിയത്തിൽ 12,000 പേർ പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. വിഐപികൾക്കായി 40 കസേരകൾ ഇട്ടിരുന്നു. അവിടെ മന്ത്രി സജി ചെറിയാനും മറ്റു വിഐപികളും ഇരിക്കുന്നുണ്ടായിരുന്നു. അവിടേക്ക് നടന്ന് വന്നപ്പോഴാണ് എംഎൽഎ താഴെ വീണത്. കോൺക്രീറ്റിൽ തലയിടിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു.
Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക







































