ന്യൂഡെൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ചുമത്തിയ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരുടെ താൽപര്യങ്ങളിൽ ഒരു വിട്ടുവീഴ്‌ചയും ചെയ്യില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ തീരുമാനത്തിന് വലിയ വില നൽകേണ്ടി വന്നേക്കാമെങ്കിലും കർഷകർക്കായി അതിന് തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി.
ഡോ. എംഎസ് സ്വാമിനാഥൻ ജൻമശതാബ്‌ദി സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ”കർഷകരുടെ താൽപര്യത്തിനാണ് നമ്മുടെ ഏറ്റവും വലിയ മുൻഗണന. കർഷകരുടെയും കന്നുകാലികളെ വളർത്തുന്നവരുടെയും മൽസ്യത്തൊഴിലാളികളുടെയും താൽപര്യങ്ങളിൽ ഒരിക്കലും രാജ്യം വിട്ടുവീഴ്‌ച ചെയ്യില്ല. ഇതിന് എനിക്ക് വ്യക്‌തിപരമായി വലിയ വില നൽകേണ്ടി വന്നേക്കാം. പക്ഷെ ഞാൻ തയ്യാറാണ്”- പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ ചുമത്തിയ 25% തീരുവയ്‌ക്ക് പുറമേയാണ് യുഎസിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വീണ്ടും 25% ചുമത്താൻ യുഎസ് തീരുമാനിച്ചത്. ഇത് സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡണ്ട് ഡൊണാൾഡ് ഒപ്പുവെച്ചു. ഇതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള ആകെ തീരുവ 50% ആയി. അടുത്ത 21 ദിവത്തിനുള്ളിൽ പുതിയ തീരുവ പ്രാബല്യത്തിൽ വരും.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുന്നതാണ് ട്രംപിനെ ചൊടിപ്പിക്കുന്നത്. യുക്രൈനുമായി യുദ്ധം ചെയ്യാൻ റഷ്യയുടെ പ്രധാന വരുമാന സ്രോതസ് ഈ പണമാണെന്നാണ് ട്രംപിന്റെ വാദം. പുതിയ തീരുവ പ്രഖ്യാപനത്തോടെ യുഎസ് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ബ്രസീലിനൊപ്പം ഇന്ത്യ ഒന്നാമതായി. ബ്രസീലിനും 50% തീരുവയാണ് ചുമത്തുന്നത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!