വാഷിങ്ടൻ: നിയമവിരുദ്ധമായി ഒരു രാജ്യത്ത് പ്രവേശിക്കുന്ന ആർക്കും അവിടെ താമസിക്കാൻ അവകാശമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിനാൽ, നിയമവിരുദ്ധമായി യുഎസിൽ താമസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനെയും തിരികെ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ ശ്രമിക്കണം. ഇന്ത്യയിലെ ചെറുപ്പക്കാരും പാവങ്ങളും ദരിദ്രരുമായ ജനങ്ങൾ കുടിയേറ്റത്തിൽ വഞ്ചിതരാണ്. വലിയ സ്വപ്നങ്ങളും വാഗ്ദാനങ്ങളും കണ്ടും കേട്ടും ആകർഷിക്കപ്പെടുന്ന വളരെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണവർ. എന്തിനാണ് കൊണ്ടുവരുന്നതെന്ന് അറിയാതെയാണ് പലരും എത്തുന്നത്.
മനുഷ്യക്കടത്തിലൂടെയാണ് പലരെയും കൊണ്ടുവരുന്നത്. മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ ഇന്ത്യയും യുഎസും സംയുക്തമായി ശ്രമിക്കണം. ഞങ്ങളുടെ ഏറ്റവും വലിയ പോരാട്ടം ആ മുഴുവൻ വ്യവസ്ഥയ്ക്കെതിരേയാണ്. ഇതിന് ട്രംപ് പൂർണമായും സഹകരിക്കുമെന്ന് ഉറപ്പുണ്ട്”- മോദി പറഞ്ഞു.
”ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും യുഎസും ഒരുമിച്ചാണ്. 2008ൽ മുംബൈയിൽ ഭീകരാക്രമണം നടത്തിയ കുറ്റവാളിയെ ഇന്ത്യക്ക് കൈമാറാൻ തീരുമാനിച്ചതിൽ ട്രംപിനോട് നന്ദി പറയുന്നു. ഇന്ത്യയിലെ കോടതികൾ ഉചിതമായ നടപടി സ്വീകരിക്കും”- മോദി പറഞ്ഞു.
104 ഇന്ത്യക്കാരെ സൈനിക വിമാനത്തിൽ കൈകാലുകൾ ബന്ധിച്ച് ഇന്ത്യയിലേക്ക് യുഎസ് നാടുകടത്തിയത് വിവാദമായി ഒരാഴ്ച കഴിഞ്ഞാണ് മോദിയുടെ പ്രസ്താവന. വൈറ്റ് ഹൗസിലായിരുന്നു മോദിയും ട്രംപുമായുള്ള കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി