ടെഹ്റാൻ: ഹെലികോപ്ടർ അപകടത്തിൽ ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റഈസി കൊല്ലപ്പെട്ടതിന് പിന്നാലെ മുഹമ്മദ് മൊക്ബെറിനെ (68) ഇടക്കാല പ്രസിഡണ്ടായി നിയമിച്ചു. നിലവിൽ ഇറാന്റെ വൈസ് പ്രസിഡണ്ട് ആണ് അദ്ദേഹം. 50 ദിവസത്തിനകം പുതിയ പ്രസിഡണ്ടിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടത്താൻ മൂന്നംഗ കൗൺസിലിനെ നയിക്കുന്നത് മൊക്ബെറാണ്.
1955ൽ ജനിച്ച മൊക്ബെർ, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുമായി അടുപ്പമുള്ളയാളാണ്. ഇബ്രാഹീം റഈസി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ 2021ലാണ് ആദ്യമായി മൊക്ബെർ വൈസ് പ്രസിഡണ്ടാകുന്നത്. 2010ൽ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികളിൽ ഇടപെട്ടെന്ന ആരോപണത്തിൽ യൂറോപ്യൻ യൂണിയൻ മൊക്ബെറിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു.
ഇറാൻ ഭരണഘടനയുടെ ആർട്ടിക്കിൾ അനുസരിച്ച്, പ്രസിഡണ്ട് മരിച്ചാൽ പരമോന്നത നേതാവിന്റെ ബഹുമതിയോടെ വൈസ് പ്രസിഡണ്ടിന് ഇടക്കാല പ്രസിഡണ്ടാകാം. 2025ലാണ് ഇറാനിൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. ഇറാൻ- അസർബൈജാൻ അതിർത്തിയിൽ ക്വിസ് കലാസി അണക്കെട്ടിന്റെ ഉൽഘാടനം കഴിഞ്ഞ് മടങ്ങവെയാണ് റഈസിയുടെ ഹെലികോപ്ടർ വിദൂരവനമേഖലയിൽ ഇന്നലെ രാത്രി അപകടത്തിൽപ്പെട്ടത്.
ഇന്ന് രാവിലെ ഹെലികോപ്ടർ പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് പ്രസിഡണ്ട് ഉൾപ്പടെ ഹെലികോപ്ടറിൽ ഉണ്ടായിരുന്ന ഒമ്പത് പേരും മരിച്ചതായി സ്ഥിരീകരണം വന്നത്. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. പ്രവിശ്യാ ഗവർണർ മാലിക് റഹ്മതി, ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി ആലഹഷെം എന്നിവരും ഹെലികോപ്ടർ പ്രസിഡണ്ടിനൊപ്പം ഉണ്ടായിരുന്നു.
Most Read| അമീറുൽ ഇസ്ലാമിന് തൂക്കുകയർ തന്നെ; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു, ഹരജി തള്ളി