മലപ്പുറം : ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിന് യുവാക്കളെ വിളിച്ചു വരുത്തി കോവിഡ് പരിശോധനയുടെ പേരിൽ പണം തട്ടിയ പ്രതി അറസ്റ്റിൽ. മലപ്പുറം മഞ്ചേരി ചേലാത്തടത്തിൽ അബ്ദുൽ സലാമാണ്(30) വെസ്റ്റ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മെഡിക്കൽ റെപ്രസെന്റേറ്റീവായി യുവാക്കളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി വിളിച്ചു വരുത്തിയാണ് പണം തട്ടിയത്.
അഭിമുഖത്തിന് എത്തിയ യുവാക്കളിൽ നിന്ന് 1,500 രൂപ വീതം കോവിഡ് പരിശോധനക്കായി ഈടാക്കിയതായി പോലീസ് വ്യക്തമാക്കി. നഗരത്തിലെ ഒരു ഹോട്ടലിലേക്കാണ് യുവാക്കളെ ഇയാൾ വിളിച്ചു വരുത്തിയത്. തുടർന്ന് പരിശോധനക്കായി ആവശ്യപ്പെട്ട തുക മിക്കവരും അബ്ദുൽ സലാമിന്റെ അക്കൗണ്ടിലേക്ക് കൈമാറി. പിന്നീട് തട്ടിപ്പ് മനസിലായപ്പോഴാണ് യുവാക്കളിൽ ചിലർ പോലീസിൽ പരാതി നൽകിയത്. സ്റ്റേഷൻ ഹൗസ് ഓഫീസർ കെഎസ് വിജയന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ നിലവിൽ കോടതി റിമാൻഡ് ചെയ്തു.
Read also : തൃശൂർ പൂരം; സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും; ചടങ്ങുകൾ പ്രതീകാത്മകം




































