ന്യൂഡെല്‍ഹി: രാജ്യത്തെ കണ്ടെയിൻമെൻറ് സോണുകള്‍ക്ക് പുറത്തുള്ള സ്‌കൂളുകള്‍, സിനിമാ ഹാളുകള്‍, മള്‍ട്ടിപ്‌ളക്‌സുകള്‍, പാര്‍ക്കുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. രാജ്യ വ്യാപകമായുള്ള അണ്‍ലോക്ക് പ്രക്രിയയുടെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായാണ് നടപടി. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഇവ തുറന്ന് പ്രവര്‍ത്തിക്കുക. അതേസമയം കേരളത്തില്‍ സിനിമാ തിയറ്ററുകളും സ്‌കൂളുകളും ഇപ്പോള്‍ തുറക്കില്ല.
സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ ആദ്യഘട്ടത്തില്‍ കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം സംസ്‌ഥാന സര്‍ക്കാരുകളാണ് എടുക്കുക. ഡെല്‍ഹി, കേരളം, മഹാരാഷ്‍ട്ര ഉള്‍പ്പെടെയുള്ള മിക്ക സംസ്‌ഥാനങ്ങളും ഇപ്പോള്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കേണ്ടെന്ന നിലപാടാണ് കൈക്കൊണ്ടത്. എന്നാല്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങള്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കാനാണ് തീരുമാനം. പഞ്ചാബില്‍ ഇന്ന് മുതലും ഉത്തര്‍പ്രദേശില്‍ ഒക്‌ടോബര്‍ 19 മുതലുമാണ് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക.
കര്‍ശന നിയന്ത്രണങ്ങളോടെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് സിനിമാ ഹാളുകള്‍ / മള്‍ട്ടിപ്‌ളക്‌സുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഇരിക്കുമ്പോഴുള്ള ശാരീരിക അകലം കൃത്യമായി പാലിക്കണം. കൂടാതെ ടിക്കറ്റെടുക്കാനായി ഡിജിറ്റല്‍ പെയ്‌മെന്റ് മോഡുകളും പ്രോൽസാഹിപ്പിക്കും. മാത്രവുമല്ല ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം ഉയര്‍ത്തുകയും തിരക്ക് ഒഴിവാക്കാന്‍ അഡ്വാന്‍സ് ബുക്കിംഗ് അനുവദിക്കുകയും ചെയ്യും. പാക്കേജുചെയ്‌ത ഭക്ഷണ പാനീയങ്ങള്‍ മാത്രമേ അനുവദിക്കൂ. എന്നാല്‍ കേരളത്തില്‍ പെട്ടെന്ന് തിയറ്ററുകള്‍ തുറക്കില്ല. സംസ്‌ഥാനത്ത് തിയറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമില്ലെന്ന് കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി.) സിനിമ മേഖലയിലെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ വിലയിരുത്തിയിരുന്നു.
വിനോദ സഞ്ചാരകേന്ദ്രങ്ങളും രാജ്യത്ത് ഇന്ന് മുതല്‍ തുറക്കും. ആളുകള്‍ കൂടുതലായി ഇടപെടുന്ന സ്ഥലങ്ങള്‍ ഇടക്കിടെ സാനിറ്റെസ് ചെയ്യേണ്ടതുണ്ട്. കൂടാതെ ഉപയോഗിച്ച മുഖാവരണങ്ങളും കവറുകളും നീക്കം ചെയ്യുന്നതിനായി പ്രത്യേക കവര്‍ ബിന്‍സ് ഉണ്ടായിരിക്കണം. വാട്ടര്‍ പാര്‍ക്കുകളും വാട്ടര്‍ റൈഡുള്ളവരും ക്‌ളോറിനേഷന്‍ ഉറപ്പാക്കുകയും വേണം.
Read Also: രണ്ടാമത്തെ വാക്‌സിനും അനുമതി നല്‍കി റഷ്യ







































