‘കൂടുതൽ വ്യക്‌തത വേണം’; അജിത് കുമാറിന്റെ ക്ളീൻ ചിറ്റ് റിപ്പോർട് തിരിച്ചയച്ച് വിജിലൻസ് ഡയറക്‌ടർ

റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന കൂടുതൽ കാര്യങ്ങൾക്ക് വ്യക്‌തത വേണമെന്ന് വിജിലൻസ് ഡയറക്‌ടർ യോഗേഷ് ഗുപ്‌ത അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. വിശദമായ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചർച്ചയ്‌ക്ക്‌ വരാനാണ് യോഗേഷ് ഗുപ്‌ത അന്വേഷണം സംഘത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

By Senior Reporter, Malabar News
MR Ajith Kumar
Ajwa Travels

തിരുവനന്തപുരം: വിവിധ ആരോപണങ്ങളിൽ എഡിജിപി എംആർ അജിത് കുമാറിന് ക്ളീൻ ചിറ്റ് നൽകുന്ന വിജിലൻസ് റിപ്പോർട് മടക്കിയയച്ച് ഡയറക്‌ടർ. തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ യൂണിറ്റ് എസ്‌പിയാണ് അന്വേഷണം നടത്തി റിപ്പോർട് സമർപ്പിച്ചത്. കൂടുതൽ വിശദീകരണം വേണമെന്ന് ആവശ്യപ്പെട്ടാണ് വിജിലൻസ് ഡയറക്‌ടർ റിപ്പോർട് മടക്കിയയച്ചത്.

റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന കൂടുതൽ കാര്യങ്ങൾക്ക് വ്യക്‌തത വേണമെന്ന് വിജിലൻസ് ഡയറക്‌ടർ യോഗേഷ് ഗുപ്‌ത അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. വിശദമായ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചർച്ചയ്‌ക്ക്‌ വരാനാണ് യോഗേഷ് ഗുപ്‌ത അന്വേഷണം സംഘത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഢംബര വീട് നിർമാണം, കുരുവൻകോണത്തെ ഫ്‌ളാറ്റ് വിൽപ്പന, മലപ്പുറം എസ്‌പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എഡിജിപിക്ക് അനുകൂലമായ റിപ്പോർട് അന്വേഷണ സംഘം സമർപ്പിച്ചത്. എംആർ അജിത് കുമാറിനെതിരായ ഒരു ആരോപണത്തിലും കഴമ്പില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ.

കവടിയാറിലെ ആഢംബര വീട് നിർമാണത്തിനായി എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്‌പ എടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ. എന്നാൽ, വീട് നിർമാണം യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കുറുവൻകോണത്ത് ഫ്‌ളാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടി വിലക്ക് മറിച്ചു വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയായില്ലെന്നാണ് കണ്ടെത്തൽ.

2009ലാണ് കോണ്ടൂർ ബിൽഡേഴ്‌സുമായി ഫ്‌ളാറ്റ് വാങ്ങാൻ 37 ലക്ഷം രൂപ കരാർ ഒപ്പിടുന്നത്. ഇതിനായി 25 ലക്ഷം രൂപ വായ്‌പയെടുത്തു. 2013ൽ കമ്പനി ഫ്‌ളാറ്റ് കൈമാറി. പക്ഷേ, സ്വന്തം പേരിലേക്ക് ഫ്‌ളാറ്റ് രജിസ്‌റ്റർ ചെയ്യാൻ വൈകിയെന്നാണ് കണ്ടെത്തൽ. നാലുവർഷം താമസിച്ച ശേഷം 65 ലക്ഷം രൂപയ്‌ക്ക് ഫ്‌ളാറ്റ് വിൽക്കുന്നത് 2016ലാണ്. വിൽപ്പനക്ക് പത്ത് ദിവസം മൂന്നോ, നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സ്വന്തം പേരിലേക്ക് രജിസ്‌റ്റർ ചെയ്യുകയായിരുന്നു.

എട്ടുവർഷം കൊണ്ടുണ്ടായ മൂല്യവർധനയാണ് വീടിന്റെ വിലയിൽ ഉണ്ടായത്. സർക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നുമാണ് വിജിലൻസ് കണ്ടെത്തൽ. കസ്‌റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്‌പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിന് ലഭിച്ചു എന്നുമായിരുന്നു മറ്റൊരു ആരോപണം.

എന്നാൽ, സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയതെന്നും കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ വരെ കേസുകളിൽ പ്രതി ചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മലപ്പുറം എസ്‌പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിയിലും അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ വിജിലൻസിന് കണ്ടെത്താനായില്ല.

അജിത് കുമാറിന് ഡിജിപി തസ്‌തികയിലേക്ക് സ്‌ഥാനക്കയറ്റം നൽകിയതിന് തൊട്ടുപിന്നാലെയാണ് ക്ളീൻ ചിറ്റ് നൽകിക്കൊണ്ടുള്ള റിപ്പോർട്ടും അന്വേഷണ സംഘം സമർപ്പിച്ചത്. ഇപ്പോഴത്തെ പോലീസ് മേധാവി എസ് ദർവേഷ് സാഹിബ് 2025 ജൂലൈ ഒന്നിന് സർവീസിൽ നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് അജിത് കുമാറിന് സ്‌ഥാനക്കയറ്റം നൽകുക. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം ഉൾപ്പടെ നിരവധി അന്വേഷണങ്ങൾ നടക്കുന്നതിനിടെയാണ് അജിത് കുമാറിന് ഡിജിപി പദവിയിലേക്ക് സ്‌ഥാനക്കയറ്റം നൽകിയിരിക്കുന്നതെന്ന ആക്ഷേപം ഉയർന്നിരുന്നു.

Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE