കൊച്ചി: വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എംഎസ്‌സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ മുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പൽ കൂടി അറസ്‌റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവ്. നിലവിൽ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിട്ടുള്ള എംഎസ്‌സി പലെർമോ എന്ന കപ്പൽ അറസ്‌റ്റ് ചെയ്യാനാണ് ജസ്‌റ്റിസ് എസ്. ഈശ്വരന്റെ ഉത്തരവ്.
മുങ്ങിയ കപ്പലിലെ അവശിഷ്‌ടങ്ങളിൽ തട്ടി തങ്ങളുടെ വലകളും അനുബന്ധ മൽസ്യബന്ധന ഉപകരണങ്ങളും നശിച്ചു എന്നുകാട്ടി നാല് ബോട്ടുടമകൾ നൽകിയ അഡ്‌മിറാലിറ്റി ഹരജിയിലാണ് കോടതി ഉത്തരവ്. കശുവണ്ടി വ്യാപാരികളും മറ്റും നൽകിയ സമാന ഹരജികളിൽ രണ്ട് കപ്പലുകൾ അറസ്‌റ്റ് ചെയ്യാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
നേരത്തെ, കപ്പൽ അപകടത്തിൽ 9531 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ അഡ്‌മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്‌തിരുന്നു. എന്നാൽ, 9531 കോടി രൂപ വളരെ കൂടുതലാണെന്നും ഇത് നൽകാനാവില്ലെന്നും കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‌സി) ഹൈക്കോടതിയെ അറിയിച്ചിരുന്നു. കമ്പനി ഇതുവരെ നിലപാട് മാറ്റിയിട്ടില്ല.
കപ്പലപകടത്തെ തുടർന്ന് മൽസ്യ-ജല സമ്പത്തിന് വ്യാപക നാശനഷ്‌ടം ഉണ്ടാവുകയും ഈ സാഹചര്യത്തിൽ മൽസ്യത്തൊഴിലാളികൾക്ക് സഹായം നൽകുന്നതിനുമായി കപ്പൽ കമ്പനി 9000 കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹരജി സമർപ്പിച്ചത്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ








































