പകരക്കാരനില്ലാത്ത സാഹിത്യജീവിതത്തിന്റെ ഒരു യുഗപ്പൊലിമയാണ് വിടപറഞ്ഞത്. അദ്ധ്യാപകൻ, പത്രാധിപൻ, നോവലിസ്‌റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ എന്നിങ്ങനെ വിവിധ മേഖലയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യമല്ലാത്ത രീതിയിൽ ശിലാലിഖിതം തീർത്ത മഹാപ്രതിഭയുടെ മടക്കം കേരളത്തിന്റെ തീരാ നഷ്‌ടങ്ങളിൽ ഒന്നായി മാറുകയാണ്.
സ്‌കൂൾ വിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി. കോളേജ് കാലത്ത് ജയകേരളം മാസികയിൽ കഥകൾ അച്ചടിച്ച് വന്നിരുന്നു. പാലക്കാട് വിക്‌റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്‌തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി.1958ല്‍ ആദ്യമായി പുസ്‌തക രൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ നാലുകെട്ടിന് കേരളസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചതോടെയാണ് മലയാള സാഹിത്യ ലോകത്തെ രാജകീയ സിംഹാസനത്തിലേക്കുള്ള പ്രവേശനം സാധ്യമായത്.
പിന്നീടിങ്ങോട്ട്, പത്‌മഭൂഷൺ, ജ്‌ഞാനപീഠം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, ജെസി ഡാനിയൽ പുരസ്‌കാരം, കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭാ പുരസ്‌കാരം, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ് തുടങ്ങി ആയിരത്തിലധികം പുരസ്‌കാരങ്ങളാണ് സാഹിത്യ, സിനിമാ ലോകത്ത് നിന്നു ഇദ്ദേഹത്തെ തേടിയെത്തിയത്. പടിയിറങ്ങുന്ന അവസാന നിമിഷംവരെ താൻ സൃഷ്‌ടിച്ച സിംഹാസനത്തിന്റെ പ്രഭാവം വർധിപ്പിച്ചതല്ലാതെ ഒട്ടും മങ്ങാൻ എംടി അനുവദിച്ചിട്ടില്ല.
നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, രണ്ടാമൂഴം ഉൾപ്പടെയുള്ള നോവലുകളിലൂടെയും വാനപ്രസ്‌ഥം, വെയിലും നിലാവും, കളിവീട്, ഓപ്പോൾ, കൽപാന്തം, കാഴ്‌ച ശിലാലിഖിതം ഉൾപ്പടെയുള്ള കഥകളിലൂടെയും ദൃശ്യവിസ്‌മയങ്ങളായ ഓളവും തീരവും, വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ, അസുരവിത്ത്, പഞ്ചാഗ്‌നി, നഖക്ഷതങ്ങൾ, അമൃതം ഗമയ, വൈശാലി, സദയം, ഒരു വടക്കൻ വീരഗാഥ, പെരുന്തച്ചൻ, താഴ്‌വാരം തുടങ്ങിയ തിരക്കഥകൾ കൊണ്ടും എംടി തീർത്ത പ്രകാശഗോപുരം മലയാളത്തിന്റെ പ്രഭയായി എക്കാലവും നിലനിൽക്കും.

മാതൃഭൂമി പ്രസ്‌ഥാനം എംടിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 1956ൽ മാതൃഭൂമിയില്‍ സബ് എഡിറ്ററായി ചേർന്നതുമുതൽ ആരംഭിച്ച ഔദ്യോഗിക ബന്ധം 50 വർഷത്തോളം നീണ്ടതാണ്. 1968ല്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപരായി. 1981ല്‍ ആ സ്‌ഥാനം രാജിവെച്ചു. 1989ല്‍ പീരിയോഡിക്കല്‍സ് എഡിറ്റര്‍ എന്ന പദവിയില്‍ തിരികെ മാതൃഭൂമിയിലെത്തി. 1999ല്‍ മാതൃഭൂമിയില്‍നിന്ന് വിരമിച്ചശേഷം കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി സേവനം അനുഷ്‌ഠിച്ചു. മരണപ്പെടുമ്പോൾ തുഞ്ചന്‍ സ്‌മാരക സമിതിയുടെ അധ്യക്ഷനായിരുന്നു.
1933 ജൂലായ് 15ന് ടി നാരായണന്‍ നായരുടെയും അമ്മാളുവമ്മയുടെ മകനായാണ് എംടി എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായരുടെ ജനനം. തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്തും പാലക്കാട് ജില്ലയിലെ കൂടല്ലൂരുമായിരുന്നു ബാല്യകാലം ചെലവിട്ടത്. 1965ൽ എഴുത്തുകാരിയും വിവർത്തകയുമായ പ്രമീളയെ വിവാഹം കഴിച്ച എംടി 11 വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിഞ്ഞു. ഈ വിവാഹത്തിലുള്ള മകൾ സിത്താര ഭർത്താവിനൊപ്പം അമേരിക്കയിലാണ്. പിന്നീട്, 1977ൽ പ്രശസ്‌ത നർത്തകി കലാമണ്ഡലം സരസ്വതിയെ വിവാഹം കഴിച്ചു. നർത്തകിഅശ്വതി നായർ ഈ ബന്ധത്തിലെ മകളാണ്. മൂത്ത മകളുടെ പേരിലുള്ള കോഴിക്കോട് കൊട്ടാരം റോഡിലെ സിത്താരയിലായിരുന്നു എംടിയുടെ താമസം.

ഇനിയുമേറെ ദശാബ്‌ദങ്ങൾ മലയാളിക്ക് മഹാവിസ്‌മയമായി തുടരുമെന്നുറപ്പുള്ള എംടിയുടെ ഭൗതിക ശരീരം ചരിത്രത്തിലേക്ക് മടങ്ങുന്നത് 2024 ഡിസംബർ 26 വ്യാഴാഴ്‌ച വൈകിട്ട് അഞ്ചുമണിക്കാണെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. കോഴിക്കോട് മാവൂർ റോഡ് ശ്‌മശാനത്തിലാണ് സംസ്‌കാരം. കൊട്ടാരം റോഡിലെ വസതിയായ സിതാരയിലുള്ള ഭൗതിക ശരീരത്തിൽ വൈകിട്ടു നാലുവരെ അന്തിമോപചാരം അർപ്പിക്കാം.
KERALA HOT | ചോദ്യപേപ്പർ ചോർച്ച; ഷുഹൈബിനെതിരെ ലുക്ക്‌ഔട്ട് നോട്ടീസ്






































