കാബൂള്‍: അഫ്ഗാൻ സർക്കാരിന്റെ തലവനായി താലിബാന്റെ രാഷ്‌ട്രീയകാര്യ വിഭാഗം മേധാവിയായ മുല്ല ബറാദര്‍. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്യുന്നത്. താലിബാന്റെ ‘മുഖ’മായി അറിയപ്പെടുന്ന നേതാവാണു ബറാദർ.
താലിബാന്റെ സ്‌ഥാപകനായ മുല്ല ഒമറിന്റെ മകന്‍ മുല്ല മുഹമ്മദ് യാക്കൂബിനേയും മറ്റൊരു മുതിർന്ന നേതാവിനേയും താലിബാന്‍ സര്‍ക്കാരിന്റെ മുഖ്യസ്‌ഥാനങ്ങളിൽ പ്രതീക്ഷിക്കാമെന്ന് റോയിട്ടേഴ്‌സ് അടക്കമുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട് ചെയ്യുന്നുണ്ട്. മൂവരും കാബൂളിൽ എത്തിയെന്നും സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും റിപ്പോർട്ടുണ്ട്.
ഓഗസ്‌റ്റ് 15ന് കാബൂൾ പിടിച്ചെടുത്ത ശേഷം താലിബാൻ അഫ്‌ഗാനിസ്‌ഥാന്റെ നിയന്ത്രണം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. അവസാന യുഎസ് സൈനികനും അഫ്‌ഗാൻ വിട്ടതോടെ രാജ്യത്ത് സർക്കാർ രൂപീകരണ ചർച്ചകൾ വേഗത്തിലാക്കിയിരുന്നു.
യുഎസിന്റെ പിൻവാങ്ങലോടെ താലിബാൻ ക്യാംപ് കൂടുതൽ ആവേശത്തിലാണെങ്കിലും കനത്ത വെല്ലുവിളിയാണു വരും നാളുകളിൽ താലിബാനെ കാത്തിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ദൂരീകരിക്കുക, രാജ്യത്തെ ആഭ്യന്തര കലാപങ്ങൾ നിയന്ത്രിക്കുക, ഐഎസ് ക്യാംപിന്റെ കടന്നുകയറ്റം തടയുക തുടങ്ങിയവയാണ് ഇവയിൽ പ്രധാനം.
Read also: ഓണസമ്മാന വിവാദം; തൃക്കാക്കര നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം







































