ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാ ഭീഷണി ഉണ്ടെന്നത് ആശങ്ക മാത്രമാണെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പരാമർശിച്ചത്. അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
ആസ്‌ട്രിക്‌സ് ആൻഡ് ഒളിമ്പിക്‌സ് എന്ന പ്രശസ്‌തമായ കാർട്ടൂണിൽ ആകാശം ഇടിഞ്ഞു വീഴുമെന്ന് കഥാപാത്രം ആശങ്കപ്പെടുന്നത് പോലെയാണ് മുല്ലപ്പെരിയാറിലെ സുരക്ഷാ ഭീഷണിയെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. അണക്കെട്ടിന്റെ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട ഡോ. ജോ ജോസഫ് ഫയൽ ചെയ്‌ത ഹരിജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
അണക്കെട്ട് ഭീഷണി നേരിടുന്നുവെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ ജെയിംസ് തോമസ് കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ്, ഇത് വെറും ആശങ്ക മാത്രമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത്. ഒന്നര വർഷത്തോളമായി താൻ ഈ പറയുന്ന ഭീഷണിക്ക് കീഴിൽ ആയിരുന്നു താമസിച്ചിരുന്നതെന്ന് ജസ്‌റ്റിസ് ഋഷികേശ് റോയ് പറഞ്ഞു. ആകാശം ഇടിഞ്ഞു വീഴുമെന്ന് കാർട്ടൂൺ കഥാപാത്രം പറയുന്നത് പോലെയാണ് ഭീഷണിയെക്കുറിച്ചുള്ള ആശങ്കയെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
135 വർഷം മുൻപ് പണിത അണക്കെട്ട് ആണ് മുല്ലപ്പെരിയാറിലേത്. അത്രയും കാലവർഷം അതിജീവിച്ച അണക്കെട്ട് നിർമിച്ചവരെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയിലാണെന്ന് സംസ്‌ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്‌ദീപ് ഗുപ്‌തയും അഭിഭാഷകൻ ജി പ്രകാശം ചൂണ്ടിക്കാട്ടി. തുടർന്ന് എല്ലാ ഹരജികളും മൂന്നംഗ ബെഞ്ച് പരിഗണിക്കട്ടെയെന്ന് വ്യക്‌തമാക്കി രണ്ടംഗ ബെഞ്ച് ഹരജി മാറ്റി.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും