തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച് സുപ്രീം കോടതി നിർദ്ദേശം പ്രതീക്ഷ നൽകുന്നതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. നിലവിൽ തമിഴ്നാട് നൽകിയിരിക്കുന്ന റൂൾ കർവിനെതിരേ കേരളത്തിന്റെ വാദങ്ങൾ വിശദീകരിച്ച് സത്യവാങ് മൂലം നൽകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഇതിലൂടെ കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
അണക്കെട്ടിന്റെ സംഭരണശേഷി 142 ആക്കണമെന്ന തമിഴ്നാടിന്റെ പുതിയ വാദവും കോടതി അംഗീകരിച്ചില്ല. പുതിയ ഡാം എന്ന നിലപാടിൽ ഉറച്ചുനിന്ന് കൊണ്ടാകും കേരളം വാദമുഖങ്ങൾ അവതരിപ്പിക്കുക. ഇതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ മാസം റൂൾ കർവ് 138 അടിയാണ്. ജലനിരപ്പ് ഉയരുകയാണെങ്കിൽ സ്പിൽവേ തുറന്ന് വെള്ളം ഒഴുക്കി വിടുന്നതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുല്ലപ്പെരിയാർ ഡാം തുറക്കുന്ന സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ള ആളുകളെ ഒഴിപ്പിക്കാൻ നടപടികൾ ആരംഭിച്ചു. 883 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കുക. നിലവിൽ ആളുകൾ ക്യാംപിലേക്ക് എത്തി തുടങ്ങിയിട്ടില്ല. ബന്ധുവീടുകളിലേക്കാണ് പലരും മാറുന്നത്.
Also Read: ‘എന്റെ അവകാശങ്ങള്‍ ലംഘിക്കാൻ സമ്മതിക്കരുത്’; സമീർ വാങ്കഡെ കോടതിയിൽ








































