തിരുവനന്തപുരം: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നാളെ രാവിലെയോടെ മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിൽ ആശങ്കയുടെ ആവശ്യമില്ലെന്നും, എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്നും വ്യക്തമാക്കി റവന്യൂമന്ത്രി കെ രാജനും ജലവിഭവമന്ത്രി റോഷി അഗസ്റ്റിനും. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുമ്പോള്‍ 2018ലെ അത്രഗുരുതരമായ സഹാചര്യമില്ലെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തൽ.
ഡാം തുറക്കുന്നതിന്റെ ഭാഗമായി റവന്യു, പോലീസ്, ഫയര്‍ഫോഴ്സ്, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ എന്നിവ സജ്ജമാണ്. കൂടാതെ ജില്ലാ കളക്ടർ വിവരങ്ങൾ കൃത്യമായി അറിയിക്കുകയും ചെയ്യും. അണക്കെട്ട് തുറക്കുമ്പോള്‍ എത്ര ജലം ഒഴുകിയെത്തുമെന്നതിനെ അടിസ്ഥാനമാക്കി ഒഴിപ്പിക്കല്‍ നടപടികളും പൂർത്തിയാക്കുകയാണ്. അതേസമയം ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തരുതെന്നും അധികൃതർ നിർദ്ദേശിച്ചു.
മുല്ലപ്പെരിയാറിൽ നിലവിലെ ജലനിരപ്പ് 138.20 അടിയായി ഉയർന്നിട്ടുണ്ട്. 3,175 ഘനയടി ജലമാണ് നിലവിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. കൂടാതെ 2,300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുമുണ്ട്. ഡാം തുറക്കുമ്പോൾ നിയന്ത്രിതമായ അളവിൽ മാത്രം വെള്ളം തുറന്നുവിട്ടാൽ ചില താഴ്ന്ന പ്രദേശങ്ങളിൽ മാത്രമേ ജലം ഉയരുകയുള്ളൂ എന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
Read also: ജാനകിക്കാട് കൂട്ടബലാൽസംഗം; ഒരു പ്രതി കൂടി അറസ്റ്റിലായി







































