മുംബൈ: 2008 നവംബർ 26ന് മുംബൈയിൽ നടന്ന ഭീകരാക്രമണക്കേസിലെ പ്രതി, പാക്കിസ്‌ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ (64) ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് യുഎസിൽനിന്ന് ഇന്ത്യയിലെത്തിച്ചത്.
റാണയ്ക്ക് കമാൻഡോ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. തലസ്‌ഥാനത്തും കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെത്തിയ റാണയെ തിഹാർ ജയിലിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്. ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവൽ കൈമാറ്റത്തിനു മേൽനോട്ടം വഹിക്കുന്നത്. ഡിജി അടക്കം 12 ഉദ്യോഗസ്‌ഥരാണ് റാണയെ എൻഐഎ ഓഫിസിൽ ചോദ്യം ചെയ്യുക. റാണക്കെതിരെയുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ കേസ് നടത്തുന്നതിനായി കേന്ദ്ര സർക്കാർ അഭിഭാഷകൻ നരേന്ദർ മാനെ സ്പെഷൽ പബ്‌ളിക് പ്രോസിക്യൂട്ടറായി നിയമിച്ചു. മൂന്നു വർഷത്തെക്കാണ് നിയമനം.
ഇന്ത്യയ്ക്കു കൈമാറുന്നതിനെതിരെ റാണ നൽകിയ ഹർജി യുഎസ് സുപ്രീം കോടതി തിങ്കളാഴ്‌ച തള്ളിയിരുന്നു. ഇതോടെയാണു നിയമതടസങ്ങൾ പൂർണമായി നീങ്ങിയത്. എൻഐഎയിലെയും സിബിഐയിലെയും ആറംഗസംഘം കഴിഞ്ഞ ഫെബ്രുവരി മുതൽ യുഎസിലുണ്ട്. മറ്റൊരു ഭീകരബന്ധക്കേസിൽ 2009ൽ ഷിക്കാഗോയിൽ അറസ്‌റ്റിലായ റാണ, യുഎസിലെ ലൊസാഞ്ചലസ് ജയിലിലായിരുന്നു.
പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുമായും പാക്ക് ചാരസംഘടന ഐഎസ്ഐയുമായും ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണ ഏജൻസികൾ പറയുന്ന റാണ, മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ അടുത്ത അനുയായിയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിനു മുംബൈ സന്ദർശിക്കാൻ ഹെഡ്‌ലിക്ക് വീസ സംഘടിപ്പിച്ചു നൽകിയതു റാണയുടെ സ്‌ഥാപനമാണെന്നു കണ്ടെത്തിയതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, തഹാവൂർ റാണയെ ഇന്ത്യയ്‌ക്ക് കൈമാറിയ യുഎസ് സർക്കാരിന്റെ നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നയതന്ത്ര വിജയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘‘സ്ഫോടനങ്ങൾ നടന്ന സമയത്തെ സർക്കാരുകൾക്ക് തഹാവൂർ റാണയെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ല“ എന്നു പറഞ്ഞാണ് കോൺഗ്രസിന്റെ പേരെടുത്ത് പറയാതെ അമിത് ഷായുടെ എക്‌സ് പോസ്‌റ്റ്.
കടൽ വഴി ബോട്ടിലെത്തിയ 10 ലഷ്‌കർഭീകരർ 2008 നവംബർ 26ന് മുംബൈ ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്‌റ്റേഷൻ, താജ്– ഒബ്റോയ് ഹോട്ടലുകൾ, നരിമാൻ ഹൗസ് തുടങ്ങി 8 സ്‌ഥലങ്ങളിലാണ് ആക്രമണം നടത്തിയത്. 60 മണിക്കൂറോളം നീണ്ട ആക്രമണത്തിൽ വിദേശികളടക്കം 166 പേർ കൊല്ലപ്പെട്ടിരുന്നു.
MOST READ | ‘ബില്ലുകളിൾ നീട്ടാൻ ഗവർണർക്ക് അധികാരമില്ല’