കൊച്ചി: മുനമ്പത്ത് വള്ളം മറിഞ്ഞു കാണാതായ മൽസ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു. നിലവിൽ രണ്ടുപേർക്കായാണ് തിരച്ചിൽ തുടരുന്നത്. ചാപ്പാ കടപ്പുറം സ്വദേശി ഷാജി, ആലപ്പുഴ അർത്തുങ്കൽ സ്വദേശി രാജു എന്നിവർക്കായാണ് രക്ഷാപ്രവർത്തനം. ഇന്നലെ നടത്തിയ തിരച്ചിലിൽ ചാപ്പാ സ്വദേശികളായ ശരത്തിന്റെയും മോഹനന്റേയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ശരത്തിന്റെ മൃതദേഹം ഇന്നലെ തന്നെ സംസ്കരിച്ചു.
പോസ്റ്റുമോർട്ടത്തിന് ശേഷം മോഹനന്റെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കോസ്റ്റ്ഗാർഡിന്റേയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും കോസ്റ്റൽ പോലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. മൽസ്യത്തൊഴിലാളികളും രംഗത്തുണ്ട്.
കടലിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന രണ്ടു കുടുംബാംഗങ്ങളുടെ ആശ്രയമാണ് മുനമ്പത്ത് ഇല്ലാതായത്. അപകടത്തിൽപ്പെട്ട മൂന്ന് പേർ ഒരേ തുറക്കാരാണ്. അടുത്തടുത്ത് താമസിക്കുന്നവരുമാണ്. സർക്കാരിന്റെ ഇടപെടലും സഹായവും ഈ കുടുംബങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
മാലിപ്പുറത്ത് നിന്നും മീൻ പിടിക്കാൻ പോയ ‘സമൃദ്ധി’ എന്ന ബോട്ടാണ് ഏഴാം തീയതി മറിഞ്ഞത്. രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ബോട്ടിൽ ഏഴുപേർ ഉണ്ടായിരുന്നു. മൂന്ന് പേരെ രക്ഷപ്പെടുത്തി. മാലിപ്പുറം സ്വദേശികളായ ബൈജു, മണിയൻ, ആലപ്പുഴ സ്വദേശി ആനന്ദൻ എന്നിവരാണ് രക്ഷപ്പെട്ടത്.
വൈകിട്ട് അഞ്ചിന് നടന്ന അപകടത്തിന്റെ വിവരം രാത്രി ഒമ്പത് മണിയോടെയാണ് പുറത്തറിഞ്ഞത്. രാത്രി എട്ടു മണിയോടെ അപകടസ്ഥലത്ത് കൂടി കടന്നുപോയ മറ്റൊരു മൽസ്യബന്ധന ബോട്ടിലെ തൊഴിലാളികളാണ് മൂന്ന് പേരെ രക്ഷപ്പെടുത്തിയത്. മുനമ്പത്തു നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. വള്ളത്തിലേക്ക് വെള്ളം ഇരച്ചുകയറിയാണ് അപകടം നടന്നത്.
Most Read| കേരളത്തിലെ ആദ്യ ടൈഗർ സഫാരി പാർക്ക് എവിടെ? പ്രഖ്യാപനം ഇന്ന്