ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്‌കാർ എൻട്രിയായി ‘2018’

കാലാവസ്‌ഥാ വ്യതിയാനം മൂലം ലോകം നേരിടുന്ന പ്രശ്‌നങ്ങളെ ഇന്ത്യക്ക് മുന്നോട്ട് വെക്കാൻ സാധിക്കുന്ന ഏറ്റവും വലിയ ഉദാഹരണമാണ് '2018' സിനിമയെന്ന് ജൂറി രേഖപ്പെടുത്തി.

By Trainee Reporter, Malabar News
2018 movie
Ajwa Travels

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു ഈ വർഷം പുറത്തിറങ്ങിയ ‘2018’. ജൂഡ് ആന്തണി സംവിധാനം ചെയ്‌ത ചിത്രത്തിൽ വലിയ താരനിര തന്നെ അണിനിരന്നു. റെക്കോർഡ് കളക്ഷൻ തിളക്കത്തിനൊപ്പം ഒരു വലിയ നേട്ടം കൂടി ചിത്രത്തിന് കൈവന്നിരിക്കുകയാണ്. ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്‌കാർ എൻട്രിയായി 2018നെ തിരഞ്ഞെടുത്തു. (Malayalam Film Entry in Oscar)

കന്നഡ ഫിലിം ഡയറക്‌ടർ ഗിരീഷ് കാസറവള്ളിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് ചിത്രത്തിനെ ഈ അസുലഭ നേട്ടത്തിനായി തിരഞ്ഞെടുത്തത്. മികച്ച വിദേശ സിനിമകളുടെ നോമിനേഷൻ പട്ടികയിലാണ് ചിത്രം പരിഗണിക്കുക.

കാലാവസ്‌ഥാ വ്യതിയാനം തുടങ്ങിയ ലോകം നേരിടുന്ന പ്രശ്‌നങ്ങളെ സിനിമയിലൂടെ ഇന്ത്യക്ക് മുന്നോട്ട് വെക്കാൻ സാധിക്കുന്ന ഏറ്റവും വലിയ ഉദാഹരണമാണ് 2018 സിനിമയെന്ന് ജൂറി രേഖപ്പെടുത്തി.

വിവിധ ഭാഷകളിൽ നിന്നുള്ള 22 സിനിമകളിൽ നിന്നാണ് 2018നെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാർ എൻട്രിയായി ജൂറി തിരഞ്ഞെടുത്തത്. കന്നഡ ഫിലിം ഡയറക്‌ടർ ഗിരീഷ് കാസറവള്ളിയുടെ നേതൃത്വത്തിലുള്ള 16 അംഗ സെലക്ഷൻ കമ്മിറ്റിയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. കാലാവസ്‌ഥാ വ്യതിയാനം ചർച്ച ചെയ്യുന്ന തീം ആണ് ഈ സിനിമ തിരഞ്ഞെടുക്കാൻ പ്രധാന കാരണമെന്ന് ഗിരീഷ് കാസറവള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഗിരീഷ് കാസറവള്ളി Read more at: https://www.malabarnews.com/?p=254631&preview=true
ഗിരീഷ് കാസറവള്ളി

‘പ്രകൃതിയും മനുഷ്യരാശിയും തമ്മിലുള്ള പോരാട്ടത്തിന്റെ ഒരു മെറ്റഫർ ആണ് ഈ ചിത്രമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. കേരളത്തിലെയോ ചെന്നൈയിലെയോ മാത്രം പ്രളയമെന്ന രീതിയിലല്ല ഇത് അർഥമാക്കേണ്ടത്. നമ്മുടെ വികസന സങ്കൽപ്പം എന്താണെന്നതിന്റെ ഒരു മെറ്റഫറാണിത്. ലോകം നേരിടുന്ന പ്രശ്‌നങ്ങളെ സിനിമയിലൂടെ ഇന്ത്യക്ക് മുന്നോട്ട് വെക്കാൻ സാധിക്കുന്ന ഏറ്റവും വലിയ ഉദാഹരണമാണ് 2018 സിനിമ’- ഗിരീഷ് കാസറവള്ളി പറഞ്ഞു.

‘ആഗോള താപനത്തിനെതിരെയുള്ള പോരാട്ടമാണ് ജൂറി ഈ തിരഞ്ഞെടുപ്പിലൂടെ ലക്ഷ്യമാക്കുന്നത്. ഈ പ്രശ്‌നത്തിന്റെ സന്ദേശം ലോകമൊട്ടാകെ പ്രചരിപ്പിക്കുക എന്നതാണ് അവരുടെ ചിന്ത’. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡണ്ട് രവി കൊട്ടാരക്കര പ്രതികരിച്ചു. കേരള സ്‌റ്റോറി, മാമന്നൻ, വിടുതലൈ, ഗദ്ദർ 2, റോക്കി ഓർ റാണി കി പ്രേം കഹാനി, ബലഗം, 1947, മ്യൂസിക് സ്‌കൂൾ, മിസിസ് ചാറ്റർജി വേഴ്‌സസ്‌ നോർവേ തുടങ്ങിയ സിനിമകളാണ് ഇന്ത്യയുടെ ഓസ്‌കാർ എൻട്രിക്കായി മത്സരിച്ചത്.

2018ലെ പ്രളയത്തിന്റെ കാഴ്‌ചകൾ അതേ തീവ്രതയോടെ പ്രേക്ഷകരിലെത്തിച്ച ചിത്രം 150 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. കേരളീയർക്ക് ഒരിക്കലും മറക്കാനാവാത്ത ‘2018’ എന്ന വർഷം, പ്രളയമെന്ന മഹാമാരി പ്രേക്ഷകർക്ക് മുന്നിൽ ഒരു നേർക്കാഴ്‌ച എന്നോണം എത്തിയപ്പോൾ കേരളക്കര അത് ഇരുകൈയും നീട്ടി സ്വീകരിച്ചു.

 2018 movie director
ജൂഡ് ആന്തണി

മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്‌മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും അതിജീവനത്തിന്റെയും കഥ പറഞ്ഞ ‘2018’ ‘Everyone Is A Hero’ എന്ന ടാഗ്‌ ലൈനോടെയാണ് പുറത്തിറങ്ങിയത്. ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, അജു വർഗീസ്, ജോയ് മാത്യു, ജിബിൻ, ജയകൃഷ്‌ണൻ, ഷെബിൻ ബക്കർ, സിദ്ദിഖ്, തൻവി റാം, അപർണ ബാലമുരളി, വിനീത കോശി, ഗൗതമി നായർ, ശിവദ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

അഖിൽ പി ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അഖിൽ ജോർജാണ്. ചമൻ ചാക്കോയാണ് ചിത്ര സംയോജനം. നോമ്പിൻ പോളിന്റേതാണ് സംഗീതം. കാവ്യാ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സികെ പത്‌മകുമാർ, ആന്റോ ജോസഫ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിഷ്‌ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ് നിർവഹിച്ചിരിക്കുന്നു. സമീറ സനീഷാണ് വസ്‌ത്രാലങ്കാരം. ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: സൈലക്‌സ് അബ്രഹാം, പിആർഒ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറ പ്രവർത്തകർ.

1997ൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രമായ ‘ഗുരു’വാണ് ഓസ്‌കാർ എൻട്രി ലഭിച്ച ആദ്യ മലയാള ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ട്’ ആണ് ഇതിന് മുൻപ് ഓസ്‌കാർ എൻട്രി ലഭിച്ച മറ്റൊരു മലയാള ചിത്രം. പാൻ നളിൻ സംവിധാനം ചെയ്‌ത ഗുജറാത്തി ചിത്രം ലാസ്‌റ്റ് ഫിലിം ഷോ (ചെല്ലോ ഷോ) ആയിരുന്നു കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാർ എൻട്രി.

Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE