500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!

കഥയല്ലിത്, യാഥാർഥ്യമാണ്. 500 വര്‍ഷം പഴക്കമുള്ള, വെറും പതിനഞ്ച്‌ വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ജന്റീനയിലെ ലുല്ലൈലാക്കോ പര്‍വതത്തിന് മുകളിൽ നിന്നാണ് ലഭിച്ചത്. ശാസ്‌ത്രീയ പരിശോധനയിൽ കേടുപറ്റാത്ത ആന്തരികാവയവങ്ങളും രക്‌തവും വരെ കണ്ടെത്താൻ സാധിച്ചു!.

By Trainee Reporter, Malabar News
la donsella
ലാ ഡോൺസെല്ല
Ajwa Travels

15ആം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു ‘ഇൻക’. ഇക്വഡോർ മുതൽ ചിലി വരെ ഏകദേശം 5000 കിലോമീറ്റർ വിസ്‌തൃതിയിലായിരുന്നു ഇൻക സാമ്രാജ്യം. ഇൻക നാഗരികതകളിൽ ഭൂരിഭാഗവും ഇപ്പോഴും നിഗൂഢതയിൽ മറഞ്ഞിരിക്കുകയാണ്, എന്നിരുന്നാലും പുരാവസ്‌തു ഗവേഷകർ ഇത് പരിഹരിക്കാനുള്ള കഠിനശ്രമത്തിലാണ്.

നരബലി ഇൻകകളുടെ പ്രധാന സാംസ്‌കാരിക ആചാരങ്ങളിൽ ഒന്നായിരുന്നു. അവർ വിശുദ്ധാൽമാക്കളെ ദൈവത്തിന് ബലിയർപ്പിച്ചിരുന്നു. മനുഷ്യശരീരങ്ങളെ വിച്ഛേദിക്കുകയല്ല, മറിച്ചു മമ്മികൾ ആക്കുകയാണ് ചെയ്യുന്നത്. 1999 മാർച്ച് 16ന് ഡോ. ജോഹാൻ റെയ്ൻഹാർഡും അദ്ദേഹത്തിന്റെ പുരാവസ്‌തു സംഘവും മൂന്ന് മമ്മികളെ കണ്ടെത്തി. ഇവ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ദ്രവിച്ചു പോകാത്ത മൃതദേഹങ്ങളായിരുന്നു.

പുരാവസ്‌തു ഗവേഷണ ലോകത്തിന് തികച്ചും യാദൃശ്‌ചികവും വിചിത്രവും അജ്‌ഞാതവുമായ ഈ മമ്മികൾ പുരാവസ്‌തു ഗവേഷണ ലോകത്തിലെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന മമ്മികളിൽ ചിലതാണ്. ചിലിയുടെ അതിർത്തിയിലുള്ള വടക്കു-പടിഞ്ഞാറൻ അർജന്റീനയിലെ അഗ്‌നി പർവതമായ മൗണ്ട് ലുല്ലൈലാക്കോയുടെ കൊടുമുടിക്ക് സമീപത്ത് നിന്നാണ് ജോഹാൻ റെയ്ൻഹാർഡും അദ്ദേഹത്തിന്റെ പുരാവസ്‌തു സംഘവും ഈ മമ്മികളെ കണ്ടെത്തിയത്. കണ്ടെത്തിയ മൂന്ന് മമ്മികളിൽ ഒന്നിനു നൽകിയ പേരാണ് ‘ലാ ഡോൺസെല്ല’ (la-doncella-mummy).

ഏകദേശം 13നും 15നും ഇടക്ക് പ്രായം തോന്നിക്കുന്ന ഇൻക സാമ്രാജ്യത്തിൽപ്പെട്ട ഒരു പെൺകുട്ടിയാണ് ഇവളെന്നാണ് ശാസ്‌ത്രലോകം പറയുന്നത്. അവൾക്കൊപ്പം ‘ലാ നീനാ ഡെൽ റയോ’ എന്ന അഞ്ചുവയസുള്ള പെൺകുട്ടിയേയും ‘എൽ നിനോ’ എന്ന നാല് വയസുള്ള ആൺകുട്ടിയേയുമാണ് ഗവേഷക സംഘം കണ്ടെത്തിയത് (La Doncella Mummy Malayalam). ലുല്ലൈലാക്കോയുടെ കൊടുമുടിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയ ഈ മൂന്ന് മമ്മികളെയും ‘ചിൽഡ്രൻസ് ഓഫ് ലുല്ലൈലാക്കോ’ (Children’s of Lullaillaco) എന്നാണറിയപ്പെടുന്നത്. ഏകദേശം 500 വർഷങ്ങൾക്ക് മുൻപ് 1500ൽ നടന്ന ഒരു മതപരമായ ചടങ്ങിൽ കുട്ടികളെ ബലിയർപ്പിച്ചതായാണ് കണക്കാക്കപ്പെടുന്നത്.

llullaillaco
ലുല്ലൈലാക്കോ

ലുല്ലൈലാക്കോ

തെക്കേ അമേരിക്കയിലെ അറ്റകാമ മരുഭൂമിക്ക് സമീപം ആൻഡീസ്‌ പർവതനിരകളുടെ മുകളിൽ സ്‌ഥിതി ചെയ്യുന്ന ‘ലുല്ലൈലാക്കോ’ സമുദ്രനിരപ്പിൽ നിന്ന് 22110 അടി ഉയരത്തിലാണ്. കൂടാതെ, ‘ചിൽഡ്രൻസ് ഓഫ് ലുല്ലൈലാക്കോ’ മമ്മികൾ കണ്ടെത്തിയ ഈ സ്‌ഥലമാണ്‌ ലോകത്തിലെ ഏറ്റവും ഉയർന്ന പുരാവസ്‌തു കേന്ദ്രവും. ഇവിടെ നിന്ന് കണ്ടെത്തിയ മൂന്ന് മമ്മികളും, ശിശുബലിയുടെ മികച്ച ഉദാഹരണങ്ങൾ ആണെന്നാണ് പുരാവസ്‌തു ഗവേഷകർ പറയുന്നത്.

പ്രാചീന വിശ്വാസികൾ ദൈവത്തിന് ശിശുബലിയായി സമർപ്പിച്ച പെൺകുട്ടിയെ ‘ലാ ഡോൺസെല്ല’ (La Doncella) എന്നാണ് കരുതുന്നത്. മറ്റു രണ്ടു പേർ (ലാ നീനാ ഡെൽ റയോ, എൽ നിനോ) എന്നിവർ ‘ലാ ഡോൺസെല്ല’ക്ക് കൂട്ടായി ദൈവത്തിലേക്ക് അനുഗമിക്കാൻ കൊന്നതാണെന്നാണ് നിഗമനം. ഇവരെ ബലിനൽകാനായി ആൻഡീസ്‌ പർവ്വതനിരകളുടെ മുകളിൽ എത്തിച്ചു. അവിടെ ഇരുന്ന് ഉറങ്ങിപ്പോയ കുട്ടികളെ, അഞ്ചടി താഴെ കുഴിച്ചിട്ടിരിക്കാം എന്നാണ് അനുമാനം. ഈ മമ്മികൾക്കൊപ്പം നിരവധി സ്വർണം, ഷെൽ, പ്രതിമകളും തുണിത്തരങ്ങളും മൺപാത്രങ്ങളും കണ്ടെത്തിയിരുന്നു.

La Doncella
ലാ ഡോൺസെല്ല

ലാ ഡോൺസെല്ല

മമ്മികൾക്ക് ഏകദേശം 500 വർഷമെങ്കിലും പഴക്കമുണ്ടെന്ന് പുരാവസ്‌തു ഗവേഷകർ അഭിപ്രായപ്പെടുന്നു. ഇന്നും ഈ ദുർഘടമായ പ്രദേശത്ത് എത്തിച്ചേരുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. നിരവധി ശ്രമങ്ങൾക്ക് ശേഷമാണ് റെയ്ൻഹാർഡും സംഘവും അവിടെയെത്തിയത്. മോശം കാലാവസ്‌ഥയിലും ലുല്ലൈലാക്കോയിലെ പല ഭാഗങ്ങളിൽ കുഴിക്കലും ഗവേഷണവും തുടർന്നു. ഇതിനിടയിലാണ്, ‘ലാ ഡോൺസെല്ല’-യുടെ പുഞ്ചിരി തൂകിയ മുഖം ഗവേഷക സംഘം കണ്ടെത്തിയത്. ഇവൾക്ക് അരികിൽ നിന്നാണ് മറ്റു രണ്ടുപേരെയും കണ്ടെത്തിയത്.

അവരുടെ ശരീരം പോലെത്തന്നെ വസ്‌ത്രങ്ങളും കേടുകൂടാതെ ഉണ്ടായിരുന്നു. അവരുടെ മുടി പോലും അതേപടി ഉണ്ടായിരുന്നു എന്നതാണ് ഏറെ കൗതുകം. അതിലേറെ അതിശയമാണ്, 500 വർഷം കഴിഞ്ഞിട്ടും അവരുടെ ആന്തരിക അവയവങ്ങൾ ജീർണിച്ചിരുന്നില്ല എന്നത്. ഇത്രയും വർഷങ്ങൾക്ക് ശേഷവും ‘ലാ ഡോൺസെല്ലയുടെ’ ഹൃദയത്തിൽ കട്ടപിടിച്ച രക്‌തം ഉള്ളതായും കണ്ടെത്തി. തണുത്തുറഞ്ഞ അവളുടെ ശരീരത്തിലെ ആന്തരികാവയവങ്ങൾക്ക് ഒരു കേടുപാടും പറ്റിയിരുന്നില്ല. ശരീരത്തിലെ ജലാംശം കുറയുന്നതിന് മുൻപ് അവർ മമ്മികളായി മാറിയിരുന്നുവെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.

ലുല്ലൈലാക്കോയിലെ ശ്രദ്ധേയമായ കാലാവസ്‌ഥയാണ് ഇത്രയും വർഷങ്ങളായി മൂന്ന് മമ്മികളെയും കേടുകൂടാതെ സംരക്ഷിച്ചതെന്ന് വിദഗ്‌ധർ പറയുന്നു. അവരുടെ മരണകാരണം കണ്ടെത്തിയതിൽ ഗവേഷകർ കൂടുതൽ ആശ്‌ചര്യപ്പെടുകയും ചെയ്‌തു. മരിക്കുന്നതിന് ആറു മാസം മുൻപ് മുതൽ, മദ്യം മാത്രം കഴിക്കാൻ ഇവരെ അനുവദിച്ചിരുന്നു. ഭക്ഷണമായി കൊക്കോ ഇലകളും ചോളത്തിൽ നിന്നുള്ള വൈൻ കുടിക്കുകയും ചെയ്‌തിരുന്നതായും ഗവേഷകർ പറയുന്നു. ബലിതർപ്പണ ദിനം അടുക്കുംന്തോറും മദ്യപാനത്തിന്റെ തോത് കൂട്ടിയതായും ഗവേഷകർ വിശദീകരിക്കുന്നു.

പുരാവസ്‌തു ഗവേഷകരുടെ ഒരു വിഭാഗം പറയുന്നത് അനുസരിച്ചു, ഇൻക സാമ്രാജ്യത്തിലെ ഒരു സമൂഹം ശിശുബലിയെ മംഗളകരമായി കണക്കാക്കിയിരുന്നു എന്നാണ്. എന്നിരുന്നാലും ഇൻക സാമ്രാജ്യത്തിലെ ഉയർന്ന വിഭാഗത്തിലുള്ള ആളുകൾക്ക് മാത്രമേ ദൈവത്തിന് ബലിയർപ്പിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളു എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. പരമ്പരാഗതമായ ഇൻക വിശ്വാസമനുസരിച്ചു, ബലിയർപ്പിക്കപ്പെടുന്ന കുട്ടികൾ യഥാർഥത്തിൽ മരിക്കുന്നില്ല. പകരം, അവരുടെ പൂർവികർക്കൊപ്പം മലമുകളിൽ നിന്ന് ഭൂമിയെ നിരീക്ഷിക്കുകയാണെന്നാണ് വിശ്വാസമെന്ന് ചരിത്ര പഠിതാക്കളും പറയുന്നുണ്ട്. ഒരു ത്യാഗമായി മരിക്കുന്നത് വലിയ ബഹുമതിയായി ഇൻകകൾ കണക്കാക്കിയിരുന്നു എന്നും രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ ബലിയർപ്പിക്കുന്നതിൽ അഭിമാനിച്ചിരുന്നു എന്നും ചരിത്രം നമ്മോട് പറയുന്നുണ്ട്.

വിശദമായ ശാസ്‌ത്രീയ പരിശോധനയില്‍ ബലികഴിക്കപ്പെട്ട പെണ്‍കുട്ടിയുടെ ‘മരണകാരണം’ അണുബാധമൂലമാണെന്നും ഇപ്പോഴും ശരീരത്തിനുള്ളില്‍ ആ അണുക്കളുടെ സാന്നിധ്യം ഉണ്ടെന്നും ഗവേഷകര്‍ പറയുന്നു. കൂടുതല്‍ പഠനത്തിനു വിധേയമാക്കിയാല്‍ പുതിയ രോഗങ്ങള്‍ തടയുന്നതിനും പഴയരോഗങ്ങളിലേക്ക്‌ വെളിച്ചം വീശാനും ഈ മമ്മികൾ കാരണമാകുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു. അതനുസരിച്ചുള്ള പഠനങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്.

എന്തായാലും, അഞ്ഞൂറ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷവും അന്നുറങ്ങാന്‍ കിടന്നപോലെ അവർ മൂന്നുപേരും പ്രത്യക്ഷപ്പെട്ടത് വെറുതെയാകില്ല എന്നാണ് ശാസ്‌ത്രലോകം കരുതുന്നത്. കൂടെയുണ്ടായിരുന്നവരുടെ വംശാവലി വേരറ്റു പോയിട്ടും ശാസ്‌ത്രത്തിനെയും കാലത്തേയും അതിശയിപ്പിച്ച്‌ 500 വര്‍ഷങ്ങള്‍ക്ക്‌ ശേഷവും ഭൂമിയിലെ തങ്ങളുടെ സാന്നിധ്യമറിയിച്ച മൂന്ന് മമ്മികളും, നിലവിൽ അർജന്റീനയിലെ സാൾട്ടയിലുള്ള മ്യൂസിയം ഓഫ് ആൾട്ടിറ്റ്യൂഡ്  ആർക്കിയോളജിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സാൾട്ട്, ഒരിക്കൽ ഇൻക സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. മമ്മികളെ നന്നായി സംരക്ഷിക്കുന്നതിനായി, മുറിയിൽ വരണ്ടതും തണുപ്പുള്ളതുമായ അന്തരീക്ഷം സൃഷ്‌ടിച്ചിട്ടുണ്ട്. 2007 മുതൽ മ്യൂസിയം വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുത്തിട്ടുണ്ട്.

Most Read | ഈ മുത്തശ്ശി വേറെ ലെവലാണ്; ഇന്റർനെറ്റ് ലോകത്ത് ജോയ് റ്യാൻ താരമായത് ഇങ്ങനെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE