അമേരിക്കയിലെ ഇന്റർനെറ്റ് ലോകത്ത് താരമായ ജോയ് റ്യാൻ മുത്തശ്ശി, പ്രായം വെറും നമ്പർ മാത്രമാണെന്ന് തന്റെ 93ആം വയസിലും തെളിയിക്കുകയാണ് ഓരോ ദിവസവും. 93ആം വയസിൽ അമേരിക്കയിലെ 63 ദേശീയോദ്യാനങ്ങളും സന്ദർശിച്ചാണ് ജോയ് ലോകത്തെ ഞെട്ടിക്കുന്നത്. 85 വയസുവരെ തികച്ചും സാധാരണ ജീവിതം നയിച്ചിരുന്ന ഈ മുത്തശ്ശി അന്നേവരെ പർവതങ്ങളോ സമുദ്രങ്ങളോ കണ്ടിരുന്നില്ലാ എന്നതാണ് ഏറെ ആശ്‌ചര്യം.
ഒഹായോയിലെ ഡങ്കൻ ഫാൾസിൽ താമസിച്ചിരുന്ന ഈ മുത്തശ്ശി, 2015ൽ ആണ് ചെറുമകന്റെ പ്രേരണയാൽ യാത്രകൾ ആരംഭിക്കുന്നത്. 43 വയസുകാരനായ പേരക്കുട്ടി ബ്രാഡിനൊപ്പമായിരുന്നു ഈ മുത്തശ്ശിയുടെ സഞ്ചാരം. മാസങ്ങൾക്ക് മുൻപ് തങ്ങളുടെ യാത്ര പൂർത്തിയാക്കിയ ഇരുവരും ഇപ്പോൾ അമേരിക്കയിലെ ഇന്റർനെറ്റ് ലോകത്ത് താരങ്ങളാണ്.
മുത്തശ്ശി തന്റെ 85 വയസുവരെ പർവതങ്ങളും മരുഭൂമികളും സമുദ്രങ്ങളും കണ്ടിട്ടില്ലെന്ന തിരിച്ചറിവാണ് ഇത്തരമൊരു യാത്രയിലേക്ക് തങ്ങളെ നയിച്ചതെന്ന് ബ്രാഡ് വെളിപ്പെടുത്തിയിരുന്നു.
മുത്തശ്ശിയെ അമേരിക്കയുടെ മഹത്തായ ഭൂപ്രകൃതി കാണിച്ചു കൊടുക്കേണ്ടത് തന്റെ ഉത്തരവാദിത്തമായാണ് ബ്രാഡ് കണക്കാക്കിയിരുന്നത്. നോർത്ത് കരോലീനയ്‌ക്കും ടെന്നസിയയ്‌ക്കും ഇടയിലുള്ള ഗ്രീറ്റ് സ്‌മോക്കി മൗണ്ടൻ നാഷണൽ പാർക്കിലാണ് ഇരുവരും ആദ്യമായി പോകുന്നത്. ആ യാത്ര സമ്മാനിച്ച അനുഭവത്തിൽ നിന്നാണ് രാജ്യത്തെ മുഴുവൻ നാഷണൽ പാർക്കുകളും സന്ദർശിക്കാനുള്ള തീരുമാനം ജോയ് എടുക്കുന്നത്.
പിന്നീടങ്ങോട്ട് നിരന്തരം യാത്രകളായിരുന്നു. ചാനൽ ഐലൻഡിൽ വെച്ച് നീലത്തിമിംഗലത്തെ കണ്ടതും റെഡ്‌വുഡ് ഫോറസ്‌റ്റിലെ കൂറ്റൻ മരങ്ങൾ കണ്ടതും ഇരുവർക്കും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ആയിരുന്നു. യാത്രയുടെ എല്ലാ വിശേഷങ്ങളും ജോയ് തന്റെ ഇൻസ്‌റ്റാഗ്രാം പോസ്‌റ്റിലൂടെ ലോകത്തെ അറിയിച്ചു.
ഇടക്ക് അമേരിക്കയ്‌ക്ക് പുറത്തുള്ള നാഷണൽ പാർക്കുകളിലേക്കും യാത്രകൾ നീണ്ടു. കെനിയ ഉൾപ്പടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിലെ വനങ്ങളിലുമെത്തി. ഇതിനിടയിൽ 90 വയസ് പിന്നിട്ട ജോയ് മുത്തശ്ശി, ആവേശമൊട്ടും കുറയാതെ ബ്രാഡിനൊപ്പം മലകളും കാടുകളും കയറിത്തുടങ്ങി. 91 വയസു ഉള്ളപ്പോൾ ജോയ് വൈറ്റ് വാട്ടർ റാഫ്റ്റിങ്ങും ചെയ്‌തു.
നാഷണൽ പാർക്ക് ഓഫ് അമേരിക്കൻ സമോവയാണ് ഒടുവിൽ സന്ദർശിച്ച ഉദ്യാനം. ഇതോടെ ഇരുവരും ചേർന്ന് അമേരിക്കയിലെ 63 ദേശീയ ഉദ്യാനങ്ങളും സന്ദർശിച്ചു. അപ്പോഴക്കും ജോയ് തന്റെ 93ആം വയസിലേക്ക് കടന്നിരുന്നു. കയ്യടികളോടെയാണ് അമേരിക്കൻ സമൂഹം ഇരുവരെയും സ്വീകരിച്ചത്. യാത്ര ചെയ്യാൻ ആഗ്രഹങ്ങൾ ഉണ്ടായിട്ടും പല കാരണങ്ങൾ പറഞ്ഞു അത് മാറ്റിവെക്കുന്നവർക്ക് ജോയ് മുത്തശ്ശി ഒരു മാതൃകയാണ്.
Most Read| രാഹുൽ ഗാന്ധി തിരികെ എംപി സ്‌ഥാനത്ത്; ലോക്‌സഭാഗത്വം പുനഃസ്‌ഥാപിച്ചു വിജ്‌ഞാപനമിറക്കി