മനക്കരുത്ത് ഇടം കൈയിലാക്കി പാർവതി ഐഎഎസിലേക്ക്; മലയാളികൾക്ക് അഭിമാനം

ഇടതുകൈയാൽ സിവിൽ സർവീസ് പരീക്ഷയെഴുതി 282ആം റാങ്ക് നേടിയാണ് അമ്പലപ്പുഴ സ്വദേശിനിയായ പാർവതി ഇപ്പോൾ മലയാളികൾക്ക് അഭിമാനമായി മാറിയത്. 2010ലാണ് ബൈക്കിൽ സഞ്ചരിക്കുമ്പോഴുണ്ടായ അപകടത്തിൽ പാർവതിക്ക് വലതുകൈ നഷ്‌ടപ്പെട്ടത്.

By Trainee Reporter, Malabar News
parvathy
പാർവതി
Ajwa Travels

വിധിയുടെ ദുരിതക്കയത്തിൽ നിന്നും ഒരിക്കൽ പോലും പിൻവാങ്ങാതെ, നിശ്‌ചയദാർഢ്യത്തോടെ പൊരുതിയാണ് അമ്പലപ്പുഴ സ്വദേശിനിയായ പാർവതി സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയത്. വാഹനാപകടത്തിൽ വലതു കൈ നഷ്‌ടപ്പെട്ടപ്പോഴും ഇടതുകൈയിൽ പ്രതീക്ഷയർപ്പിച്ച് തളരാതെ മുന്നേറിയത് ഈ നിശ്‌ചയദാർഢ്യം ഒന്നുകൊണ്ടു മാത്രമാണ്.

ഇടതുകൈയാൽ സിവിൽ സർവീസ് പരീക്ഷയെഴുതി 282ആം റാങ്ക് നേടിയ പാർവതി ഇപ്പോൾ ഐഎഎസ് പ്രതീക്ഷയിലാണ്. 282ആം റാങ്ക് ആണെങ്കിലും ഭിന്നശേഷി വിഭാഗത്തിൽ ആയതുകൊണ്ട് ഐഎഎസ് കിട്ടുമെന്നാണ് പാർവതിയുടെ പ്രതീക്ഷ. 2010ലാണ് വിധിയുടെ ക്രൂരത പാർവതിയെ പിടിച്ചുകുലുക്കിയത്. ഏഴാം ക്ളാസിൽ പഠിക്കുമ്പോഴായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിക്കുമ്പോഴുണ്ടായ അപകടത്തിൽ പാർവതിക്ക് വലതുകൈ നഷ്‌ടപ്പെട്ടു.

പകരം കൃത്രിമ കൈ വെക്കുകയാണ് ഉണ്ടായത്. പിന്നീട് ഇടത് കൈ കൊണ്ടായിരുന്നു എഴുത്ത്. വളരെ ബുദ്ധിമുട്ടിയാണ് പാർവതി ഇടതു കൈയിലൂടെ അക്ഷരങ്ങളെ ചലിപ്പിക്കാൻ തുടങ്ങിയത്. ഇടതുകൈ കൊണ്ട് എഴുതിയ പരീക്ഷയിലാണ് ഇപ്പോൾ ഐഎഎസ് നേടിയതും. പഠനത്തിൽ മിടുക്കിയായ പാർവതി രണ്ടാമത്തെ ശ്രമത്തിലാണ് സിവിൽ സർവീസ് റാങ്ക് പട്ടികയിൽ ഇടം പിടിച്ചത്. ആദ്യ ശ്രമത്തിൽ പ്രിലിമിനറി കടമ്പ പോലും കടക്കാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാം ശ്രമത്തിൽ അതിനപ്പുറവും കടന്നു. സെപ്‌തംബർ 15നാണ് പാർവതി സിവിൽ സർവീസ് പരീക്ഷ എഴുതിയത്.

പത്താം ക്ളാസ് വരെ ചെന്നിത്തല നവോദയ വിദ്യാലയത്തിലായിരുന്നു പഠനം. അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് മുഴുവൻ വിഷയത്തിലും എ പ്ളസോടെ പ്ളസ് ടു വിജയിച്ചു. ബെംഗളൂരു നാഷണൽ സ്‌കൂൾ ഓഫ് ലോയിൽ പഞ്ചവൽസര എൽഎൽബി ജയിച്ച് എൻറോൾ ചെയ്‌തു. പിന്നീടുള്ള സ്വപ്‌നങ്ങളത്രയും സിവിൽ സർവീസിലേക്ക് ഉള്ളതായിരുന്നു. എന്നാൽ, മുഴുവൻ സമയ പഠനമോ ചിട്ടയായ പഠനമോ ഇല്ലായിരുന്നുവെന്നാണ് സിവിൽ സർവീസ് വഴിയെക്കുറിച്ച് ചോദിച്ചാൽ പാർവതി പറയുന്നത്.

”സന്തോഷവും സമാധാനവും തോന്നുമ്പോൾ മാത്രം പഠിക്കും. തന്റെ കുറവുകൾ മനസിലാക്കി ആ ഭാഗത്ത് കൂടുതൽ ശ്രദ്ധയൂന്നും. ചെറുപ്പം മുതലുള്ള പുസ്‌തക വായനയും കരുത്തായി. മാതൃഭൂമി തൊഴിൽവാർത്തയും ഏറെ സഹായകരമായി”- പാർവതി പറയുന്നു. മലയാള സാഹിത്യമാണ് സിവിൽ സർവീസിൽ ഐച്ഛിക വിഷയമായി പാർവതി തിരഞ്ഞെടുത്തത്. സാഹിത്യത്തോടുള്ള സ്‌നേഹമാണ് അതിന് കാരണമെന്ന് പാർവതി പറയുന്നു.

ആലപ്പുഴ കളക്‌ട്രേറ്റിലെ ഡെപ്യൂട്ടി തഹസിൽദാർ അമ്പലപ്പുഴ കോമന അമ്പാടിയിൽ കെഎസ് ഗോപകുമാറിന്റെയും കാക്കാഴം ഹൈസ്‌കൂൾ അധ്യാപിക ശ്രീകല എസ് നായരുടെയും മകളാണ് പാർവതി. രേവതി ഗോപകുമാർ സഹോദരിയാണ്. ജീവിതത്തിലെ വലിയ തിരിച്ചടികളിൽ പതറാതെ മനക്കരുത്ത് കൈമുതലാക്കി ഐഎഎസ് നേടിയ പാർവതിയുടെ നേട്ടം മലയാളികൾക്കും അഭിമാനമാണ്.

Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE