ഇടുക്കി: ഡെൽഹിയിൽ കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും പ്രതിഷേധം നടത്തുന്നതിനിടെ, കേരളത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തുകയാണ് 90-കാരിയായ പൊന്നമ്മ. അഞ്ചുമാസമായി ക്ഷേമ പെൻഷൻ മുടങ്ങിയതോടെ ജീവിതം പ്രതിസന്ധിയിലായ പൊന്നമ്മയാണ് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
ഇടുക്കി വണ്ടിപ്പെരിയാർ കറുപ്പ് പാലം സ്വദേശിനിയാണ് 90-കാരിയായ പൊന്നമ്മ. ഇന്നലെ വൈകിട്ടായിരുന്നു ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധം ഉണ്ടായത്. വണ്ടിപ്പെരിയാർ വള്ളക്കടവ് റോഡിലെ എച്ച്പിസി റോഡിന്റെ നടുക്ക് കസേരയിട്ട് ഇരുന്നായിരുന്നു പൊന്നമ്മയുടെ പ്രതിഷേധം. ഈ സമയം ഇതുവഴിവന്ന വാഹനങ്ങളും നിർത്തിയിട്ടു. സ്വകാര്യ ബസുകൾ അടക്കം അൽപ്പസമയം നിർത്തിയിടേണ്ടി വന്നു. ഇതോടെ സ്‌ഥലത്ത് ഗതാഗത തടസമുണ്ടായി.
എന്നാൽ, പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്നും പ്രശ്‌നം പരിഹരിക്കാതെ റോഡിൽ നിന്ന് മാറില്ലെന്നും പൊന്നമ്മയും മകനും നിലപാടെടുത്തു. റോഡിലിരുന്ന് പ്രതിഷേധിക്കുന്നത് അറിഞ്ഞ പോലീസ് പൊന്നമ്മയെ അനുനയിപ്പിച്ച് തിരിച്ചയക്കുകയായിരുന്നു. വണ്ടിപ്പെരിയാർ പോലീസെത്തിയാണ് പൊന്നമ്മയെ അനുനയിപ്പിച്ചത്. അഞ്ചുമാസമായി പെൻഷൻ കിട്ടുന്നില്ലെന്ന് പൊന്നമ്മയുടെ മകൻ പറഞ്ഞു. കിടപ്പുരോഗി ആയിട്ടും വീട്ടിൽ വന്ന് മസ്‌റ്ററിങ് നടത്തിയിട്ടില്ലെന്നും പറയുന്നു.
എച്ച്പിസിയിൽ ഒറ്റമുറി വീട്ടിലാണ് പൊന്നമ്മ കഴിയുന്നത്. സർക്കാരിൽ നിന്ന് ലഭിക്കുന്ന പെൻഷനായിരുന്നു ഏക ആശ്രയം. അതേസമയം, ഗതാഗത തടസം ഉണ്ടാക്കിയതിന് പൊന്നമ്മയ്‌ക്കെതിരേ കേസെടുക്കാൻ സാധ്യതയുണ്ട്. ഇത് പോലീസ് പരിശോധിക്കുന്നുണ്ട് എന്നാണ് സൂചന. എന്നാൽ, വിവാദങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ പക്ഷം. ഈ പ്രതിഷേധത്തിന് പിന്നിലും രാഷ്‌ട്രീയ ഇടപെടലുകൾ ഉണ്ടെന്നാണ് സർക്കാർ സംശയിക്കുന്നത്. നേരത്തെ ഇടുക്കിയിൽ മറിയക്കുട്ടിയും പ്രതിഷേധവുമായി രംഗത്തിയിരുന്നു.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!