ന്യൂഡെൽഹി: രാഹുൽ ഗാന്ധി തിരികെ എംപി സ്‌ഥാനത്ത്. രാഹുലിന്റെ ലോക്‌സഭാ അംഗത്വം പുനഃസ്‌ഥാപിച്ചു വിജ്‌ഞാപനം പുറത്തിറക്കി. ലോക്‌സഭാ സെക്രട്ടറിയേറ്റാണ് വിജ്‌ഞാപനമിറക്കിയത്. രാഹുൽ ഗാന്ധി ഇന്ന് ഇന്ന് തന്നെ പാർലമെന്റിൽ എത്തിയേക്കും. കഴിഞ്ഞ ദിവസമാണ് ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ സൂറത്ത് കോടതി അയോഗ്യനാക്കിയ രാഹുൽ ഗാന്ധിയുടെ എംപി സ്‌ഥാനം പുനഃസ്‌ഥാപിക്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്.
അതേസമയം, ചൊവ്വാഴ്‌ച കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും. നാളെയും മറ്റന്നാളുമാണ് ലോക്‌സഭയിൽ അവിശ്വാസ പ്രമേയ ചർച്ച നടക്കുക. വ്യാഴാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയ ഗൗരവ് ഗൊഗോയ്‌ക്ക് ശേഷം രാഹുൽ ഗാന്ധിയാകും പതിപക്ഷത്തുനിന്ന് പ്രസംഗിക്കുക.
കുറ്റക്കാരനാണെന്ന വിധിക്ക് സ്‌റ്റേ വന്നതോടെ, രാഹുൽ ഗാന്ധിക്കുള്ള അയോഗ്യത നീങ്ങിയിരുന്നു. എന്നാൽ, ലോക്‌സഭാ അംഗത്വം റദ്ദാക്കി കൊണ്ട് ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്‌ഞാപനമിറക്കിയതിനാൽ ഇത് പുനഃസ്‌ഥാപിച്ചുള്ള വിജ്‌ഞാപനവും വേണ്ടതുണ്ട്. കോടതി വിധിക്കും, ശിക്ഷാ നടപടികൾക്കും, സ്‌റ്റേക്കും ഒടുവിൽ 137 ദിവസങ്ങൾക്ക് ശേഷമാകും രാഹുൽ ഗാന്ധി പാർലമെന്റിലേക്ക് മടങ്ങിയെത്തുക.
Most Read| ‘ഉമ്മൻ ചാണ്ടി പുതുതലമുറക്ക് മാതൃകയെന്ന്’ മുഖ്യമന്ത്രി; നിയമസഭാ സമ്മേളനത്തിന് തുടക്കം