വ്യാജ വാർത്തകൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയെടുത്ത് കേന്ദ്രം. രാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരെ കുറിച്ച് വ്യാജവാർത്തകൾ സൃഷ്‌ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌ത, ദശലക്ഷത്തിലേറെ സബ്‌സ്‌ക്രൈബർമാരുള്ള എട്ടു യൂട്യൂബ് ചാനലുകൾക്കെതിരെയാണ് കേന്ദ്ര സർക്കാർ നടപടിയെടുത്തത്.
യഹാൻ സച് ദേഖോ, ക്യാപിറ്റൽ ടിവി, കെപിഎസ് ന്യൂസ്, സർകാരി വ്‌ളോഗ്, ഏൺ ടെക് ഇന്ത്യാ, എസ്‌പിഎൻ9 ന്യൂസ്, എജ്യൂക്കേഷണൽ ദോസ്‌ത്, വേൾഡ് ബെസ്‌റ്റ് ന്യൂസ് എന്നീ യൂട്യൂബ് ചാനലുകളാണ് കേന്ദ്രം പൂട്ടിച്ചത്. മൊത്തം 23 ദശലക്ഷത്തിലേറെ സബ്‌സ്‌ക്രൈബർമാരുള്ള യൂട്യൂബ് ചാനലുകളാണിവ. എസ്‌പിഎൻ9 ന്യൂസ് ചാനലിന് 48 ലക്ഷം സബ്‌സ്‌ക്രൈബർമാരും 189 കോടി വ്യൂസും ഉണ്ട്. രാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരെ കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്നാണ് ചാനലിനെതിരെയുള്ള കേസ്.
35 ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബർമാരും 160 കോടിയിലേറെ വ്യൂസും ഉള്ള ക്യാപിറ്റൽ ടിവി ചാനലിനെതിരെ, പ്രധാനമന്ത്രിയെയും സർക്കാരിനെയും സർക്കാർ ഉത്തരവുകളെയും കുറിച്ച് തെറ്റായ വാർത്തകൾ പുറത്തുവിട്ടുവെന്ന ആരോപണമാണ് ഉള്ളത്. 35 ലക്ഷത്തോളം സബ്‌സ്‌ക്രൈബർമാരുള്ള എജ്യൂക്കേഷണൽ ദോസ്‌ത് ചാനലിന് 23 കോടിയിലേറെ വ്യൂസുമുണ്ട്. സർക്കാരിന്റെ പദ്ധതികളെ കുറിച്ചുള്ള തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്നാണ് ചാനലിനെതിരെയുള്ള പരാതി.
ഇന്ത്യൻ ആർമിയെ കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിനാണ് വേൾഡ് ബെസ്‌റ്റ് ന്യൂസ് നിരോധിച്ചത്. ഇതിന് 17 ലക്ഷം സബ്‌സ്‌ക്രൈബർമാരും 18 കോടി വ്യൂസുമുണ്ട്. സർക്കാറിന്റെ പദ്ധതികളെ കുറിച്ചുള്ള വ്യാജവാർത്തകൾ പ്രചരിക്കുന്നുവെന്ന ആരോപണം നേരിടുന്ന സർകാരി വ്‌ളോഗ് ചാനലിന് 45 ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബർമാരും 9.4 കോടിയിലേറെ വ്യൂസുമുണ്ട്. ഇതേ ആരോപണം നേരിടുന്ന കെപിഎസ് ന്യൂസിന് പത്ത് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബർമാരും 13 കോടി വ്യൂസും ഉണ്ടായിരുന്നു.
ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയവയെ കുറിച്ചുള്ള വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിനാണ് ഏൺ ഇന്ത്യാ ടെക് ചാനലിനെതിരെയുള്ള നടപടി. ഇതിന് 31,000 സബ്‌സ്‌ക്രൈബർമാരും 36 ലക്ഷത്തിലേറെ വ്യൂസും ഉണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനെയും, ചീഫ് ജസ്‌റ്റിസിനെയും കുറിച്ച് വ്യാജവാർത്ത നൽകിയെന്ന കാരണത്താലാണ് യഹാൻ സച് ദേഖോ നിരോധിച്ചിരിക്കുന്നത്. 30 ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബർമാരും 100 ദശലക്ഷം വ്യൂസും ചാനലിനുണ്ട്.
Most Read| ക്രിമിനൽ നിയമ പരിഷ്‌കരണം; ഭാരതീയ സംഹിത സുരക്ഷാ ബിൽ അവതരിപ്പിച്ചു അമിത് ഷാ