സമുദ്രപര്യവേഷണ രംഗത്ത് പുതുചരിത്രം സൃഷ്‌ടിക്കാൻ ‘വിചിത്രവസ്‌തു’ കണ്ടെത്തി ഗവേഷകർ. അലാസ്‌ക ഉൾക്കടലിൽ ഗവേഷകർ നടത്തിയ പര്യവേഷണത്തിലാണ് സ്വർണമുട്ടയുടെ (Golden Egg) ആകൃതിയിലുള്ള ‘വിചിത്രവസ്‌തു’ കണ്ടെത്തിയത്. എന്നാൽ, എന്താണ് ഈ വസ്‌തുവെന്ന കാര്യത്തിൽ വ്യക്‌തതയില്ല. ഇതിലിപ്പോഴും വാദങ്ങൾ തുടരുകയാണ്.
യുഎസ് സംസ്‌ഥാനമായ അലാസ്‌കയുടെ ദക്ഷിണ ഭാഗത്ത് പസഫിക് സമുദ്രവുമായി ബന്ധപ്പെട്ടുള്ള സമുദ്രഭാഗമാണ് അലാസ്‌ക ഉൾക്കടൽ. ഇവിടെ നടത്തിയ പര്യവേഷണത്തിലാണ് എൻഒഎഎ ഓഷ്യൻ എക്‌സ്‌പ്‌ളോറേഷൻ ഗവേഷകർ ഓഗസ്‌റ്റ് 30ന് കടൽത്തീരത്ത് റൈഡ് ചെയ്യുന്നതിനിടെ നിഗൂഢമായ സ്വർണമുട്ട പോലെയുള്ള വസ്‌തു കണ്ടെത്തിയത്.
അമേരിക്കൻ സമുദ്രപര്യവേഷണ ഏജസിയാണ് ഇക്കാര്യം അറിയിച്ചത്. തിരിച്ചറിയപ്പെടാത്ത വസ്‌തുവിനെ ‘മഞ്ഞ തൊപ്പി’ എന്നാണ് ഗവേഷക സംഘം ആദ്യം വിശേഷിപ്പിച്ചത്. എന്നാൽ, മഞ്ഞ നിറത്തിൽ, തിളക്കത്തോടെ താഴികക്കുടത്തിന്റെ ആകൃതിയിലുള്ള വസ്‌തുവിനെ പിന്നീട് ഗവേഷകർ ‘സ്വർണമുട്ട’ എന്ന് വിശേഷിപ്പിച്ചു.
സമുദ്രാന്തർ ഭാഗത്ത് വെളുത്ത സ്‌പോഞ്ച് ഘടനകൾക്കിടയിലാണ് പത്ത് സെന്റീമീറ്ററോളം വ്യാസമുള്ള വസ്‌തുവിനെ പാറയോട് പറ്റിച്ചേർന്ന നിലയിൽ കണ്ടെത്തിയത്. എന്നാൽ, രൂപത്തിൽ സ്വർണമുട്ട പോലിരിക്കുമെങ്കിലും സംഭവം സ്വർണമൊന്നുമല്ലെന്നാണ് ഗവേഷകർ പറയുന്നത്.

മനുഷ്യരുടെ ത്വക്കിൽ തൊടുന്നത് പോലെ മൃദുവാണ് ഇത് തൊടുമ്പോഴെന്നാണ് ഗവേഷകർ പറയുന്നത്. സമുദ്രജീവികളിൽ ഏതിന്റെയെങ്കിലും മുട്ടസഞ്ചികളോ അല്ലെങ്കിൽ സമുദ്രത്തിലെ സ്‌പോഞ്ചുകളുടെ ഭാഗമോ ആയിരിക്കാം ഇതെന്ന് ഗവേഷകർ അനുമാനിക്കുന്നു. വസ്‌തുവിൽ ജനിതക പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. ഒരുപക്ഷേ, ഇത് പുതിയൊരു ജീവിവർഗം തന്നെയാകാനുള്ള സാധ്യതയും ശാസ്‌ത്രജ്‌ഞർ തള്ളിക്കളയുന്നില്ല.
വസ്‌തുവിന്റെ അടിഭാഗത്ത് ചെറിയ ദ്വാരമുള്ളതായി ഓഷ്യൻ എക്‌സ്‌പ്‌ളോറേഷൻ പര്യവേഷണ കോ-ഓർഡിനേറ്റർ സാം കാൻഡിയോ പറഞ്ഞു. ആഴക്കടൽ വിചിത്രമാണെന്നും, സ്വർണമുട്ട ശേഖരിച്ച് കപ്പലിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞെങ്കിലും, അത് എവിടെനിന്ന് എത്തിയതെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം എന്താണെന്നറിയാൻ കൂടുതൽ പരിശോധനകളും പരീക്ഷണങ്ങളും നടത്തണമെന്നും, സമുദ്രത്തെക്കുറിച്ചു പഠിക്കാൻ ഇനിയുമേറെയുണ്ടെന്ന് തെളിയിക്കുന്നതാണിതെന്നും കാൻഡിയോ ബ്ളോഗിൽ പറഞ്ഞു.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!