കൊച്ചി: മുനമ്പം നിവാസികളെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്. ഈ മാസം സംസ്‌ഥാന സർക്കാർ സമർപ്പിക്കാനിരിക്കുന്ന റിപ്പോർട്ടിലാണ് ജുഡീഷ്യൽ കമ്മീഷൻ റിട്ട. ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ നായർ ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയിട്ടുള്ളത്.
മുനമ്പത്ത് താമസിക്കുന്നവരെ ഒരുവിധത്തിലും കുടിയൊഴിപ്പിക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നു. മുനമ്പം വഖഫ് ഭൂമിയാണോ അല്ലയോ എന്ന കാര്യത്തിൽ താൻ അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് ജസ്‌റ്റിസ് രാമചന്ദ്രൻ നായർ പറഞ്ഞു. അത് വഖഫ് ട്രൈബ്യൂണലിന്റെ മുമ്പാകെയുള്ള കാര്യമാണ്. അതിൽ ജുഡീഷ്യൽ കമ്മീഷൻ എന്ന നിലയിൽ അഭിപ്രായം പറയേണ്ടതില്ല. മറിച്ച് മുനമ്പത്ത് താമസിക്കുന്ന മനുഷ്യരെ ഏത് വിധത്തിലാണ് സഹായിക്കാൻ സാധിക്കുക എന്നത് പരിശോധിക്കാനാണ് തന്നോട് നിർദ്ദേശിച്ചിരിക്കുന്നതെന്നും അക്കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ട്രൈബ്യൂണൽ വിധി മുനമ്പം നിവാസികൾക്ക് എതിരായി വന്നാൽ അവരെ സംരക്ഷിക്കുന്ന നിലപാടായിരിക്കണം സർക്കാർ സ്വീകരിക്കേണ്ടതെന്നും സിഎൻ രാമചന്ദ്രൻ നായർ പറഞ്ഞു. മുനമ്പത്ത് ആകെയുണ്ടായിരുന്നത് 404 ഏക്കർ ഭൂമിയായിരുന്നെങ്കിലും ഇതിൽ 237 ഏക്കർ കടലെടുത്ത് പോയി. ബാക്കി രണ്ട് വില്ലേജുകളിലായി 111.5 ഏക്കർ ഭൂമി മാത്രമാണ് വാസയോഗ്യമായി ഉള്ളത്.
62 ഏക്കറോളം മീൻ പിടിക്കാൻ മാത്രം കൊള്ളാവുന്ന ചിറയാണ്. അതുകൊണ്ടുതന്നെ അവിടെ മൽസ്യബന്ധനവും മൽസ്യവ്യാപാരവും ചെറിയ തോതിൽ ടൂറിസമോക്കെയായി ജീവിക്കുന്ന മനുഷ്യരെ സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നാണ് താൻ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതെന്നും രാമചന്ദ്രൻ നായർ പറഞ്ഞു. വഖഫ് ബോർഡും മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കം സംബന്ധിച്ച് സംസ്‌ഥാന സർക്കാർ നിയോഗിച്ച കമ്മീഷന്റെ കാലാവധി ഈ മാസം അവസാനിക്കും.
Most Read| ‘ഭീകരവാദം ഇല്ലാതാക്കാൻ പാക്കിസ്‌ഥാനെ പിന്തിരിപ്പിക്കാൻ തുർക്കി തയ്യാറാകുമെന്ന് പ്രതീക്ഷ’