കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിലെ വീടുകളിലെ ആദ്യഘട്ട കൈമാറ്റത്തിനായി, ഫേസ് ഒന്നിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്കായുള്ള നറുക്കെടുപ്പ് ഇന്ന് രാവിലെ 11ന് മന്ത്രി ഒആർ. കേളുവിന്റെ നേതൃത്വത്തിൽ മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിൽ നടക്കും.
178 ഗുണഭോക്താക്കൾ പങ്കെടുക്കും. വിവിധ വകുപ്പുകളുടെ സേവനം ഉറപ്പാക്കാൻ അക്ഷയ കേന്ദ്രത്തിന്റെ ഒമ്പത് കൗണ്ടറുകൾ ഓഡിറ്റോറിയത്തിൽ സജ്ജീകരിക്കുമെന്ന് കലക്ടർ ഡിആർ. മേഘശ്രീ അറിയിച്ചു. നറുക്കെടുപ്പിന് എത്തുന്ന ഗുണഭോക്താക്കൾ ദുരന്തബാധിത സ്മാർട്ട് കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ കൊണ്ടുവരണം.
ടൗൺഷിപ്പിൽ വീട് നൽകുന്നവർക്ക് ഏഴ് സെന്റ് സ്ഥലത്തിന്റെ പട്ടയം, വൈദ്യുതി, കുടിവെള്ള കണക്ഷൻ എന്നിവ ഉറപ്പാക്കിയാണ് കൈമാറുന്നത്. ആദ്യഘട്ടത്തിൽ കൈമാറുന്ന വീടുകളിലെ വൈദ്യുതി-കുടിവെള്ള കണക്ഷൻ കലക്ടറുടെ പേരിലാണ് അനുവദിക്കുക. ഈ കണക്ഷനുകളുടെ തുക ജില്ലാ ഭരണകൂടം അടയ്ക്കും.
ടൗൺഷിപ്പിൽ നിർമിക്കുന്ന 410 വീടുകളുടെയും പ്രവൃത്തി പൂർത്തീകരിക്കുന്ന മുറയ്ക്ക് ഗുണഭോക്താക്കളുടെ വ്യക്തിഗത പേരിലേക്ക് കണക്ഷൻ മാറ്റി സ്ഥാപിക്കാനുള്ള സാക്ഷ്യപത്രം കൈമാറും. ഈമാസം 25 ബുധനാഴ്ച വൈകീട്ട് നാലിന് എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന്റെ ഉൽഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയവിതരണവും നിർവഹിക്കും.
410 വീടുകളുള്ള ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ആണ് ആദ്യ പരിഗണന. 1000 ചതുരശ്ര അടിയിൽ ഒറ്റനിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരുനില നിർമിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, സൈനിങ്, അടുക്കൽ, സ്റ്റോർ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ടൗൺഷിപ്പിൽ ഒരുങ്ങുന്ന 410 വീടുകളിലായി 1662ലധികം ആളുകൾക്കാണ് തണലൊരുങ്ങുന്നത്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി ടൗൺഷിപ്പ് നിർമിക്കാൻ കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിലെ 64.4705 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. 2025 മാർച്ച് 27നാണ് മുഖ്യമന്ത്രി ടൗൺഷിപ്പിന് തറക്കല്ലിട്ടത്. ടൗൺഷിപ്പിന്റെ ശേഷിച്ച നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല






































