കൊച്ചി: കേരളം മുഴുവൻ പരിസ്‌ഥിതിലോല പ്രദേശമാണെന്നും നാം അതിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എഴുത്തുകാരനും പരിസ്‌ഥിതി നിരീക്ഷകനും യുഎൻ പ്രതിനിധിയുമായ മുരളി തുമ്മാരുകുടി.
ജെയിൻ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ ‘നമുക്ക് പ്രകൃതിയെ കുറിച്ച് സംസാരിക്കാം’ എന്ന വിഷയത്തിൽ പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം മുഴുവൻ പരിസ്‌ഥിതിലോല പ്രദേശമായി കണക്കാക്കാൻ കഴിയും. പശ്‌ചിമഘട്ടം ദുർബലമായ ഒരു ആവാസവ്യവസ്‌ഥയാണ്. അത് കൂടുതൽ ദുർബലമാകാതെ നിലനിർത്തിയില്ലെങ്കിൽ കേരളം വലിയ പ്രതിസന്ധി അനുഭവിക്കേണ്ടി വരുമെന്നും മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടി.
നമ്മുടെ മധ്യ-താഴ്‌ന്ന പ്രദേശങ്ങളിലും നാം ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കണം. കേരളത്തിലെ ജനങ്ങൾ പാരിസ്‌ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവാൻമാരാണ്. എന്നാൽ, ഭൂമി നഷ്‌ടപ്പെടുമോ എന്ന പേടി അവർക്കുണ്ട്. ഇത് പാരിസ്‌ഥിതിക സംരക്ഷണത്തിൽ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുകയാണെന്നും മുരളി തുമ്മാരുകുടി കൂട്ടിച്ചേർത്തു.
അതേസമയം, ഭൂതകാലത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞാൽ മാത്രമേ ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നമുക്ക് മനസിലാകൂ എന്ന് ചർച്ചയിൽ പങ്കെടുത്ത് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുൻ ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ ഡോ. എസ്‌സി ത്രിപാഠി ചൂണ്ടിക്കാട്ടി.
പ്രകൃതിക്ഷോഭങ്ങളിൽ നാശനഷ്‌ടങ്ങൾ കുറയ്‌ക്കുന്നതിന് നല്ല പുനരധിവാസ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നാണ് ചർച്ചയിൽ ഉയർന്നുവന്ന മറ്റൊരു അഭിപ്രായം. കൊച്ചി ശാസ്‍ത്ര സാങ്കേതിക സർവകലാശാലയിലെ മറൈൻ സയൻസസ് സ്‌കൂൾ പ്രൊഫസർ സുനിൽ പിഎസ് ആണ് ഇക്കാര്യം പറഞ്ഞത്.
മാനുഷിക ഇടപെടൽ മൂലമാണ് മണ്ണിടിച്ചിൽ ഉണ്ടാകുന്നതെന്ന് ഒരു പഠനവും സ്‌ഥിരീകരിച്ചിട്ടില്ലെന്നാണ് കേരള സർവകലാശാല ജിയോളജി വിഭാഗം അസിസ്‌റ്റന്റ് പ്രൊഫസർ ഡോ. സജിൻ കുമാർ ചർച്ചയിൽ പങ്കെടുത്ത് പറഞ്ഞത്. എന്നാൽ, ദുരന്തത്തെ അഭിമുഖീകരിക്കാൻ നാം എപ്പോഴും തയ്യാറായിരിക്കണം. കൂടാതെ, ജനങ്ങൾക്ക് ഏറ്റവും വേഗത്തിൽ മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം സജ്‌ജമാക്കുകയും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജെയിൻ സർവകലാശാല ആതിഥേയരാകുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025, കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ മന്ത്രി പി രാജീവാണ് ഉൽഘാടനം ചെയ്‌തത്. വിസ്‌മയവും വിജ്‌ഞാനവും ഒത്തുചേരുന്ന ഉച്ചകോടിയിൽ നൂതന ആശയങ്ങളും ആശയങ്ങളും സാങ്കേതിക വിദ്യകളും ചർച്ചയാകും. ജനുവരി 25 മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുന്ന സമ്മിറ്റിൽ വിദ്യാർഥികൾ, ഗവേഷകർ, വ്യാവസായിക പ്രതിനിധികൾ, ജനപ്രതിനിധികൾ ഉൾപ്പടെ ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കും.
Most Read| ചരിത്രത്തിൽ ആദ്യമായി നാസയുടെ തലപ്പത്ത് വനിത; ആരാണ് ജാനറ്റ് പെട്രോ?