പാലക്കാട്: മണ്ണാർക്കാട് പതിനാറുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അയൽവാസിയായ യുവാവ് പിടിയിൽ. മണ്ണാർക്കാട് തിരുവിഴാംകുന്നിൽ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം.
പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയാണ് യുവാവ് കൊലപാതകശ്രമം നടത്തിയത്. വായിൽ തോർത്ത് തിരുകിയ ശേഷം പെൺകുട്ടിയുടെ കഴുത്തിൽ തോർത്ത് ചുറ്റി ശ്വാസം മുട്ടിക്കുകയായിരുന്നു. സംഭവം നടന്ന സമയം പെൺകുട്ടിയും ഇളയ സഹോദരനും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ട് പെൺകുട്ടിയുടെ മുറിയിലെത്തിയ മുത്തശ്ശിയെ ചവിട്ടി വീഴ്ത്തിയ ശേഷം പ്രതി ഓടി രക്ഷപെട്ടു.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം വടമ്പലത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിൽസക്കായി പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടി പല തവണ രക്തം ഛർദിച്ചിരുന്നു. ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്നറിയാൻ വൈദ്യപരിശോധന നടത്തും. പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊഴി മണ്ണാർക്കാട് പോലീസ് രേഖപ്പെടുത്തി.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ഇയാളുടെ താമസസ്ഥലത്തിന് സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്നാണ് മണ്ണാർക്കാട് പോലീസ് പിടികൂടിയത്. പടിഞ്ഞാറൻ വീട്ടിൽ ജംഷീർ (20) ആണ് പിടിയിലായത്.
Also Read: രോഗവ്യാപനം ഉയർന്നുതന്നെ; കൂടുതൽ നിയന്ത്രണങ്ങൾ, തീവ്രപരിശോധന







































