മങ്കട: വീടുകളിൽ തനിച്ച് താമസിച്ചിരുന്ന വയോധികമാരുടെ മരണത്തിൽ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. മലപ്പുറത്ത് ഒരുമാസത്തിനിടെ തനിച്ച് താമസിച്ചിരുന്ന മൂന്ന് സ്‌ത്രീകളാണ് കൊല്ലപ്പെട്ടിരുന്നത്. കുറ്റിപ്പുറം നാഗപറമ്പിൽ കുഞ്ഞിപ്പാത്തുമ്മ, തവനൂർ കടകശ്ശേരി ഇയ്യാത്തു, രാമപുരം ബ്ളോക്ക് ഓഫിസ് പടിയിലെ പരേതനായ അഞ്ചുക്കണ്ടി തലക്കൽ മുഹമ്മദിന്റെ ഭാര്യ മുട്ടത്തിൽ ആയിഷ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. ഇതിൽ കുഞ്ഞിപ്പാത്തുമ്മയുടെ കേസിലെ പ്രതിയെ മാത്രമാണ് പിടികൂടിയത്.
അതേസമയം, മറ്റു രണ്ടു കേസുകളിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞിപ്പാത്തുമ്മ മരിച്ച കേസിലെ പ്രതിയായ അയൽവാസി മഹമ്മദ് ഷാഫിയെ ദിവസങ്ങൾക്കുള്ളിൽ പിടികൂടിയിട്ടും മറ്റു രണ്ടു കേസുകളിലും പോലീസ് അലംഭാവം കാണിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. ജൂൺ 20ന് ആണ് തവനൂർ കടകശ്ശേരിയിൽ തത്തോട്ടിൽ ഇയ്യാത്തു ഉമ്മയെ തലയ്‌ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. 25 പവന്റെ ആഭരണങ്ങളും നഷ്‌ടപ്പെട്ടിരുന്നു.
അപരിചിതരായ വീടിന്റെ പരിസരത്ത് കണ്ട യുവാക്കളിലൊരാളുടെ രേഖാചിത്രം തയ്യാറാക്കിയെങ്കിലും സൂചനകൾ ഒന്നും ലഭിച്ചില്ല. ജൂലൈ 16ന് ആയിരുന്നു മുട്ടത്തിൽ ആയിഷയുടെ കൊലപാതകം നടന്നത്. ആയിഷയെ രക്‌തം വാർന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. വയോധികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്‌റ്റുമോർട്ടത്തിൽ തെളിഞ്ഞത്. ആയിഷ ധരിച്ചിരുന്ന ആറ് പവന്റെ ആഭരണങ്ങളും കവർച്ച നടത്തിയിട്ടുണ്ട്. സംഭവങ്ങൾ നടന്നിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പോലീസ് അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
Read Also: ഓണക്കിറ്റിലെ ശർക്കരവരട്ടി വ്യാജൻ; പരാതിയുമായി കുടുംബശ്രീ അംഗങ്ങൾ