തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിന് കാലങ്ങളായി മലബാറുകാർ അനുഭവിക്കുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മലബാറിലെ സീറ്റ് ക്ഷാമം തീർക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ കണ്ട് വിഷയത്തിൽ വിശദമായി ചർച്ച നടത്തി. സർക്കാർ പറഞ്ഞ കണക്കുകൾ ശരിയല്ലെന്ന് ബോധ്യപ്പെടുത്തിയെന്നും ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പോളിടെക്നിക്, ഐടിഐ സീറ്റുകൾ ഉണ്ടെന്ന് പറയുന്നത് ശരിയല്ല. സീറ്റ് കിട്ടാതെ കുട്ടികൾ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
അധിക ബാച്ചുകൾക്ക് പകരം മാർജിനൽ സീറ്റ് വർധന നടപ്പിലാക്കിയാലും ചുരുങ്ങിയത് 55000 വിദ്യാർഥികൾ എങ്കിലും പുറത്തിരിക്കേണ്ടി വരുമെന്നാണ് കണക്ക്. വർഷങ്ങളായുള്ള പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് നേരത്തെ ലീഗ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. വടക്കൻ കേരളത്തിലെ കളക്ട്രേറ്റുകളിലേക്കാണ് മാർച്ച് നടത്തിയിരുന്നത്.
അതേസമയം, മലപ്പുറത്ത് ഹയർ സെക്കണ്ടറി സീറ്റുകൾ കുറവെന്ന് പറഞ്ഞ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ആരോപണം. മലപ്പുറം ജില്ലയിൽ മാത്രമല്ല, മലബാർ മേഖലയിലെ ഒരു ജില്ലയിലും സീറ്റിന്റെ കുറവില്ലെന്നും മന്ത്രി പറഞ്ഞു.
എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാവർക്കും നിശ്ചിത വിദ്യാലയമോ വിഷയമോ സ്ഥലമോ മുസ്ലിം ലീഗ് നേതാക്കൾ വിദ്യാഭ്യാസ മന്ത്രിമാരായിരുന്ന കാലഘട്ടത്തിലും ലഭ്യമായിട്ടില്ല. മാർക്കിന്റെയും ഗ്രേഡിന്റെയും അടിസ്ഥാനത്തിലാണ് ഇത് ലഭ്യമാകുക. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന ജില്ല എന്ന നിലയിലും ഏറ്റവും കൂടുതൽ കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടുന്ന ജില്ല എന്ന നിലയിലും മലപ്പുറം ജില്ലക്ക് മികച്ച പരിഗണനയാണ് സർക്കാർ നൽകുന്നത്.
80,250 സീറ്റുകൾ റഗുലർ പഠനത്തിനായി മലപ്പുറം ജില്ലയിൽ ലഭ്യമാണ്. ഇതിന് പുറമെ ഹയർ സെക്കണ്ടറി പഠനത്തിനായി സ്കോൾ കേരളയിലും ആവശ്യാനുസരണം സീറ്റുകൾ ലഭ്യമാണ്. ജില്ലക്കുള്ളിലെ അപേക്ഷകൾ 74,805 ആണ്. ജില്ലക്ക് പുറത്തുനിന്നുള്ള അപേക്ഷകൾ 7620 ആണ്. മുൻകാലങ്ങളിലെ പ്രവേശനത്തോത് അടിസ്ഥാനപ്പെടുത്തിയാൽ നിലവിൽ ആവശ്യത്തിന് സീറ്റുകൾ മലപ്പുറം ജില്ലയിൽ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി
Most Read| ബാർക്കോഴ ആരോപണം; ജൂഡീഷ്യൽ അന്വേഷണം വേണം- പ്രക്ഷോഭത്തിന് യുഡിഎഫ്