തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരത്തിനെതിരെ വിമർശനവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സമരത്തിന് പിന്നിൽ ഇടതുവിരുദ്ധ മഴവിൽ സഖ്യമാണെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു.
ആശാ വർക്കർമാരെ ഉപയോഗിച്ച് എസ്‌യുസിഐയും ജമാഅത്തെ ഇസ്‌ലാമിയും എസ്‌ഡിപിഐയും കോൺഗ്രസും ബിജെപിയും ലീഗും ഉൾപ്പടെ ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാണികും. സമരം ചെയ്യാൻ ആർക്കും അവകാശമുണ്ട്. പക്ഷേ, എന്താണ് സമരം ലക്ഷ്യം വെയ്‌ക്കുന്നത് എന്നതിൽ സിപിഎമ്മിന് നല്ല ധാരണയുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
”സർക്കാർ വിരുദ്ധ സമരമായി രൂപപ്പെടുത്താനാണ് ശ്രമിക്കുന്നത്. പിന്നിൽ യുഡിഎഫും ബിജെപിയുമാണ്. ആശമാരുടെ കാര്യത്തിൽ പന്ത് കേന്ദ്രത്തിന്റെ കോർട്ടിലാണ്. അവർ വ്യക്‌തമായ തീരുമാനമെടുത്തു കഴിഞ്ഞാൽ കേരളത്തിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ആലോചിക്കാം. 26,000ത്തിലധികം ആശമാരാണ് സംസ്‌ഥാനത്തുള്ളത്. അതിൽ ചെറിയ ഒരു സംഖ്യ മാത്രമാണ് സമരം ചെയ്യുന്നത്”- ഗോവിന്ദൻ പറഞ്ഞു.
അതേസമയം, ആരോഗ്യമന്ത്രി വീണാ ജോർജ് ഡൽഹിയിൽ പോയത് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനല്ലെന്നും ഗോവിന്ദൻ വ്യക്‌തമാക്കി. ഇക്കാര്യം ചർച്ച ചെയ്യാനാണ് പോയതെന്ന് ആരാണ് പറഞ്ഞത്. ക്യൂബൻ പ്രതിനിധി സംഘത്തെ കാണാൻ കേരളത്തിൽ നിന്ന് പോയ സംഘത്തിനൊപ്പമാണ് മന്ത്രി പോയത്. ആശമാരുടെ പ്രശ്‌നം കത്തി നിൽക്കുന്നതുകൊണ്ട് പോകുന്നതിന്റെ തലേന്ന് കേന്ദ്രമന്ത്രിയെ കാണാൻ അനുവാദം ചോദിച്ചിരുന്നു.
പാർലമെന്റ് നടക്കുന്ന സാഹചര്യത്തിൽ വേണമെങ്കിൽ കേന്ദ്രമന്ത്രിക്ക് കാണാൻ അവസരമുണ്ടായിരുന്നു. എന്നാൽ, കാണാൻ കൂട്ടാക്കിയില്ല. അതാണ് ഉണ്ടായത്. എന്നിട്ട് കാണാതെ വന്നുവെന്ന വാർത്ത ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. കാണാൻ തയ്യാറാകാത്ത കേന്ദ്രമന്ത്രിയെ കുറിച്ച് യാതൊരു വിമർശനവുമില്ല. അതേസമയം, സ്‌കീം വർക്കർമാർക്ക് മിനിമം കൂലി കൊടുക്കുമെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി