ആലപ്പുഴ: പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത് സിപിഐഎം നേതാവ് കോഴവാങ്ങിയെന്ന ആരോപണത്തിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആരോപണത്തിൽ പാർട്ടിയും സർക്കാരും വേണ്ട നടപടി എടുക്കും. പണം വാങ്ങി പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്ന രീതി സിപിഎമ്മിനില്ലെന്നും അതിന് പാർട്ടിക്ക് പ്രത്യേക രീതിയുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
യോഗ്യത നോക്കിയാണ് പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്നത്. ഏതന്വേഷണവും വരട്ടെ. മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം ഉന്നയിക്കുന്നത് മാദ്ധ്യമങ്ങളുടെ ജോലിയല്ലേയെന്നും ഗോവിന്ദൻ ചോദിച്ചു. പാർട്ടിക്കുള്ളിൽ പറയേണ്ടത് ഉള്ളിൽ പറയും. പുറത്ത് പറയേണ്ടത് പുറത്തും. സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട് വന്നു. അതേപ്പറ്റി നേതാക്കൾ പറയുന്നതിൽ ഒരു തെറ്റുമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
പിഎസ്‌സി കോഴവിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് അടിസ്‌ഥാനമില്ലെന്നാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. തന്നെ വ്യക്‌തിപരമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നു. വിവാദത്തിൽ ഒരു വസ്‌തുതയുമില്ലെന്ന് ബോധ്യമായിട്ടും തിരുത്താൻ തയ്യാറാകുന്നില്ല. എന്തുകൊണ്ടാണ് ടാർഗറ്റ് ചെയ്യുന്നതെന്ന് ജനങ്ങൾക്കറിയാം. വ്യക്‌തിഹത്യക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പിഎസ്‌സിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നേരത്തേയുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് നടന്നാൽ അതിന്റെ ഭാഗമായുള്ള സ്വാഭാവിക നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൻ ഷംസുദ്ധീൻ എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഭരണഘടന അനുസരിച്ച് നല്ല രീതിയിൽ നടത്തുന്ന സ്‌ഥാപനമാണ് പിഎസ്‌സി. ആ സ്‌ഥാപനത്തെ അപകീർത്തിപ്പെടുത്താനുള്ള ഒട്ടേറെ ശ്രമങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. നിർഭാഗ്യകരമായ കാര്യമാണത്. സാധാരണ രീതിയിൽ ഉണ്ടാകാൻ പാടില്ലാത്തതാണ്. അത്തരം കാര്യങ്ങൾ പലപ്പോഴായി ഉയർന്നു വന്നിട്ടുണ്ട്.
പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമാണെന്ന് ആർക്കും പറയാൻ കഴിയില്ല. നിയമനത്തിൽ ഒരു വിധത്തിലുമുള്ള ആർക്കും പറയാൻ കഴിയില്ല. നിയമനത്തിൽ ഒരു വിധത്തിലുള്ള വഴിവിട്ട കാര്യങ്ങളും നടക്കാറില്ല. നാട്ടിൽ പലവിധത്തിലുള്ള തട്ടിപ്പ് നടക്കുന്നുണ്ട്. തട്ടിപ്പിനായി ആളുകൾ ശ്രമിക്കും. തട്ടിപ്പ് നടക്കുമ്പോൾ അതിന്റെ ഭാഗമായുള്ള നാപടികൾ സ്വാഭാവികമായും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read| ‘നിർബന്ധിത ആർത്തവ അവധി വിപരീത ഗുണം ചെയ്യും’; ഹരജി തള്ളി സുപ്രീം കോടതി