തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഘപരിവാർ അജൻഡ നടപ്പാക്കാൻ ഗവർണർ ചെയ്‌തുകൊണ്ടിരിക്കുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാദ്ധ്യമങ്ങൾ മഹത്വവൽക്കരിക്കുകയാണ്. വലിയ ജനകീയ അംഗീകാരമുള്ള ഗവർണർ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇടതു സർക്കാരിനോട് തെറ്റി സംഘപരിവാർ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നതാണ് ഗവർണറുടെ വിരേതിഹാസമായി പലരും കാണുന്നത്. ഇത് അങ്ങേയറ്റം ജനവിരുദ്ധ സമീപനമാണ്.
കമ്യൂണിസ്‌റ്റെന്നും കോൺഗ്രസെന്നും നോക്കാതെ ഭരണഘടനാപരമായാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. എന്നാൽ, അതിനുപകരം ഭരണഘടനാ വിരുദ്ധമായ നിലപാടുകളാണ് ഗവർണർ സ്വീകരിച്ചത്. നിയമസഭ പാസാക്കിയ നിയമങ്ങൾക്ക് അംഗീകാരം നൽകാതിരിക്കുക, സുപ്രീം കോടതി ഇടപെട്ടപ്പോൾ ബില്ലുകൾ രാഷ്‌ട്രപതിക്ക് അയക്കുക തുടങ്ങി ഇതുവരെ കേട്ടുകേൾവിയില്ലാത്ത തരത്തിലുള സമീപനമാണ് ഗവർണർ കൈക്കൊണ്ടത്.
പരമ്പരാഗത ആർഎസ്എസ്, ബിജെപി സംവിധാനത്തെ അടിസ്‌ഥാനപ്പെടുത്തിയാണ് ഗവർണറെ തീരുമാനിക്കുന്നത്. എന്നാൽ, ഒരു മുൻവിധിയോടെ ഒന്നും പറയുന്നില്ല. പുതിയ ഗവർണർ ഭരണഘടനാപരമായി പ്രവർത്തിച്ചു സർക്കാരുമായി ഒത്തുപോവുകയാണ് വേണ്ടതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
നിലവിലെ ബിഹാർ ഗവർണറായ രാജേന്ദ്ര വിശ്വനാഥ് ആർലെകറാണ് കേരള ഗവർണറാകുക. ഗോവ സ്വദേശിയായ ആർലെകർ നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറായും ഗോവയിൽ വനം-പരിസ്‌ഥിതി മന്ത്രിയായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. കഴിഞ്ഞ സെപ്‌തംബർ അഞ്ചിന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ചുവർഷം പൂർത്തിയാക്കിയിരുന്നു.
സംസ്‌ഥാന സർക്കാരുമായി വിവിധ വിഷയങ്ങളിൽ അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം. 2019 സെപ്‌തംബർ ആറിന് കേരള ഗവർണറായി ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാൻ, രണ്ട് പിണറായി സർക്കാരുകളുടെ കാലത്തായി അഞ്ചുവർഷവും സർക്കാരുമായി നേരിട്ടുള്ള പോരാട്ടത്തിലായിരുന്നു.
Most Read| വാട്‍സ് ആപ്, ഗൂഗിൾ പ്ളേ സ്‌റ്റോർ എന്നിവയുടെ നിരോധനം പിൻവലിച്ച് ഇറാൻ