തിരുവനന്തപുരം: കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി. റിവ്യൂ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ് സസ്‌പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടിയത്. എൻ പ്രശാന്ത് മറുപടി നൽകാത്തത് ഗുരുതര ചട്ടലംഘനമാണെന്നാണ് റിവ്യൂ കമ്മിറ്റിയുടെ വിലയിരുത്തൽ.
അച്ചടക്ക ലംഘനത്തിന് ചാർജ് മെമ്മോ നൽകിയ ചീഫ് സെക്രട്ടറിയോട് തിരിച്ചു വിശദീകരണം ചോദിച്ച് പ്രശാന്ത് കത്തയച്ചതും വിവാദമായിരുന്നു. സസ്‌പെൻഡ് ചെയ്യുന്നതിന് മുൻപ് തന്റെ ഭാഗം കേൾക്കാത്തത് എന്തുകൊണ്ടാണെന്ന് ഉൾപ്പടെ ഏഴ് കാര്യങ്ങൾക്ക് ചീഫ് സെക്രട്ടറി വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രശാന്തിന്റെ അസാധാരണ കത്ത്.
അതിനിടെ, മതാടിസ്‌ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്‌ഥരുടെ വാട്‌സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിൽ ആരോപണ വിധേയനായ വ്യവസായ വകുപ്പ് ഡയറക്‌ടർ കെ ഗോപാലകൃഷ്‌ണനെ കഴിഞ്ഞദിവസം സർവീസിൽ തിരിച്ചെടുത്തിരുന്നു.
അതേസമയം, പ്രശാന്തിന് മറുപടി നൽകി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ രംഗത്തെത്തി. കുറ്റാരോപണ മെമ്മോയ്‌ക്ക് മറുപടി നൽകുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അതിന് ശേഷം രേഖകൾ പരിശോധിക്കാൻ ഉദ്യോഗസ്‌ഥന് അവസരം ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി വ്യക്‌തമാക്കി. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ വന്ന് എന്ത് രേഖകളും പരിശോധിക്കാമെന്നും ശാരദ മുരളീധരൻ പറഞ്ഞു.
ഈ മാസം ആറിനാണ് പ്രശാന്തിന് മറുപടി നൽകാനുള്ള സമയം അവസാനിച്ചത്. തുടർന്നാണ് സസ്പെൻഷൻ കാലാവധി നീട്ടിയത്. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്‌ടർ ആയിരുന്ന കെ ഗോപാലകൃഷ്‌ണനെയും സാമൂഹിക മാദ്ധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് പ്രശാന്തിനെ സസ്‌പെൻഡ് ചെയ്‌തത്.
പട്ടികജാതി- വർഗ വിഭാഗങ്ങൾക്കായുള്ള ക്ഷേമത്തിനും പദ്ധതി നിർവഹണത്തിനുമുള്ള ‘ഉന്നതി’യുടെ ഫയലുകൾ കാണാനില്ലെന്നും സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന പ്രശാന്ത് വ്യാജ ഹാജർ രേഖപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ജയതിലക് സർക്കാരിന് റിപ്പോർട് നൽകിയിരുന്നു. ഇത് പുറത്തുവന്നതോടെയാണ് സാമൂഹിക മാദ്ധ്യമത്തിലൂടെ എല്ലാ സർവീസ് ചട്ടലംഘനങ്ങളും ലംഘിച്ച് പ്രശാന്ത് ജയതിലകിനെ അധിക്ഷേപിക്കാൻ തുടങ്ങിയത്.
Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക