തിരുവനന്തപുരം: രാജിവെച്ച പാലോട് രവിക്ക് പകരം തിരുവനന്തപുരം ഡിസിസി പ്രസിഡണ്ടിന്റെ താൽക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡണ്ട് എൻ. ശക്‌തന് നൽകി. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎൽഎയാണ് ഇക്കാര്യം അറിയിച്ചത്. മുൻ സ്‌പീക്കറും കാട്ടാക്കട മുൻ എംഎൽഎയുമാണ് ശക്‌തൻ.
തദ്ദേശ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് എടുക്കാച്ചരക്കായി മാറുമെന്നും എൽഡിഎഫിന് മൂന്നാമതും തുടർഭരണം ലഭിക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലടക്കം കോൺഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്നുമുള്ള പ്രാദേശിക നേതാവുമായുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു.
കെപിസിസിയും എഐസിസിയും ഇക്കാര്യത്തിലുള്ള അതൃപ്‌തി അറിയിച്ചതിനെ തുടർന്നാണ് പാലോട് രവി രാജിവെച്ചത്. മൂന്ന് മാസം മുൻപ് വാമനപുരം ബ്ളോക്ക് ജനറൽ സെക്രട്ടറി എ. ജലീൽ ഒരു പരിപാടിക്കായി വിളിച്ചപ്പോൾ നടത്തിയ സംഭാഷണമാണ് പുറത്തുവന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ കോൺഗ്രസ് പ്രതിസന്ധിയിൽ ആകുമെന്ന മുന്നറിയിപ്പ് രൂപേണയാണ് പാലോട് രവി സംസാരിച്ചതെങ്കിലും ചില പരാമർശങ്ങൾ കടുത്തതാണെന്ന് പാർട്ടി വിലയിരുത്തി.
സംഭാഷണം പുറത്തുവിട്ട എ. ജലീലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കെപിസിസി പുറത്താക്കി. കാഞ്ഞിരംകുളം മരപ്പാലം സ്വദേശിയാണ് എൻ. ശക്‌തൻ. നിയമബിരുദധാരിയാണ്. വിദ്യാർഥി പ്രസ്‌ഥാനത്തിലൂടെ രാഷ്‌ട്രീയത്തിലെത്തി. 1982ൽ കോവളം മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തി.
2001, 2006 കാലഘട്ടത്തിൽ നേമം മണ്ഡലത്തിൽ നിന്നും 2011ൽ കാട്ടാക്കട മണ്ഡലത്തിൽ നിന്നും നിയമസഭാ അംഗമായി. 2004-2006 കാലഘട്ടത്തിൽ ഗതാഗത മന്ത്രിയായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ബിരുദവും കേരള സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
Most Read| ചർച്ച നടത്തി, തായ്‌ലൻഡ്-കംബോഡിയ വെടിനിർത്തൽ കരാർ ഉടൻ; ട്രംപ്