പത്തനംതിട്ട: സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ സ്‌ഥലം മാറ്റം ആവശ്യപ്പെട്ട് നാരങ്ങാനം വില്ലേജ് ഓഫീസർ ജോസഫ് ജോർജ്. പത്തനംതിട്ട ജില്ലാ കലക്‌ടർക്ക് നൽകിയ അവധി അപേക്ഷയിലാണ് സ്‌ഥലം മാറ്റം ആവശ്യപ്പെട്ടത്. നാരങ്ങാനം വില്ലേജ് ഓഫീസിൽ ഇനി ജോലി ചെയ്യാൻ ഭയമാണെന്ന് ജോസഫ് ജോർജ് പറയുന്നു.
വില്ലേജ് ഓഫീസർ അവധിയിൽ പ്രവേശിച്ചു. ഭീഷണി ഫോൺ കോളുകൾ വന്നെന്ന വില്ലേജ് ഓഫീസറുടെ പരാതി കലക്‌ടർ ഇന്നലെ ആറൻമുള പോലീസിന് കൈമാറിയിരുന്നു. പോലീസ് ഇന്ന് മൊഴിയെടുക്കും. സിപിഎം ഏരിയാ സെക്രട്ടറിയുമായുള്ള ഫോൺവിളിയുടെ ശബ്‌ദരേഖ പുറത്തുവന്നതിന് പിന്നാലെ അജ്‌ഞാത ഭീഷണി കോളുകൾ വരുന്നതായാണ് വില്ലേജ് ഓഫീസർ പരാതിയിൽ പറയുന്നത്.
വീടിന്റെ നികുതി കുടിശിക അടച്ച് തീർക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം നാരങ്ങാനം വില്ലേജ് ഓഫീസർ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി എംവി സഞ്‌ജുവിനെ ഫോൺ വിളിച്ചത്. സംസാരത്തിനൊടുവിൽ പ്രകോപിതനായ ഏരിയാ സെക്രട്ടറി, വില്ലേജ് ഓഫീസറെ വീട്ടിൽക്കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തി. ഈ ശബ്‌ദസന്ദേശം പുറത്തുവന്നതിന് പിന്നാലെ വൻ വിവാദമായി.
അതേസമയം, സംഭാഷണം റെക്കോർഡ് ചെയ്‌ത് മനഃപൂർവം പ്രചരിപ്പിച്ചിട്ടില്ലെന്ന് വില്ലേജ് ഓഫീസർ ജോസഫ് ജോർജ് പറഞ്ഞു. സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്നുള്ള സംഭാഷണം ഓട്ടോമാറ്റിക് ആയി റെക്കോർഡ് ചെയ്യപ്പെടുന്നതാണ് ഫോണിലെ ക്രമീകരണമെന്നും വില്ലേജ് ഓഫീസർ പറഞ്ഞു.
എന്നാൽ, വില്ലേജ് ഓഫീസർ ജോസഫ് അഴിമതിക്കാരനാണെന്ന് ഏരിയാ സെക്രട്ടറി എംവി സഞ്‌ജു ആരോപിച്ചു. മര്യാദകെട്ട നിലയിലാണ് തന്നോട് സംസാരിച്ചതെന്നും വിവാദമുണ്ടാക്കാൻ ബോധപൂർവം സംഭാഷണം റെക്കോർഡ് ചെയ്‌ത് പ്രചരിപ്പിക്കുകയായിരുന്നുന്നെന്നും സഞ്‌ജു പറഞ്ഞു.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!