അഹമ്മദാബാദ്: വിദേശ രാജ്യങ്ങളെ ആശ്രയിക്കുംതോറും ഇന്ത്യയുടെ പരാജയം വർധിക്കുമെന്നും, ഇത് മറികടക്കാൻ രാജ്യം ആത്മനിർഭർ ആയി മാറണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ പ്രധാന ശത്രു മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗുജറാത്തിലെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങ് ഉൽഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. തീരുവ യുദ്ധത്തിന് പിന്നാലെ എച്ച്1 ബി വിസയുടെ വാർഷിക ഫീസ് 1,00,000 ഡോളർ (ഏകദേശം 88,09,180 രൂപ) ഈടാക്കാനുള്ള വിജ്ഞാപനത്തിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചതിന് പിന്നാലെയാണ് മോദിയുടെ പ്രസംഗം.
”ലോകത്ത് നമുക്ക് ഒരു പ്രധാന ശത്രുവല്ല. നമ്മുടെ ഒരേയൊരു യഥാർഥ ശത്രു മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതാണ്. നമ്മൾ ഒരുമിച്ച് ഇന്ത്യയുടെ ഈ ശത്രുവിനെ പരാജയപ്പെടുത്തണം. വിദേശ ആശ്രിതത്വം കൂടുന്തോറും രാജ്യത്തിന്റെ പരാജയവും വർധിക്കും. ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി, എന്നിവ നിലനിർത്തുന്നതിന് സ്വയം പര്യാപ്തം ആകേണ്ടത് അത്യാവശ്യമാണ്.
ചിപ്പുകൾ മുതൽ കപ്പലുകൾ വരെ, നമ്മൾ എല്ലാം നിർമിക്കണം. സമാധാനം, സ്ഥിരത, സമ്പത്ത് എന്നിവ നിലനിർത്തുന്നതിന് സ്വാശ്രയത്വം അനിവാര്യമാണ്, പ്രത്യേകിച്ച് ലോകത്തിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള രാജ്യത്ത്. ഇന്ത്യയുടെ സമുദ്ര മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ചരിത്രപരമായ തീരുമാനം എന്റെ സർക്കാർ എടുത്തിട്ടുണ്ട്”- പ്രധാനമന്ത്രി പറഞ്ഞു.
Most Read| മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം






































