ടോക്കിയോ: ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ താൽപര്യമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്‌പര ബഹുമാനത്തിന്റെയും താൽപര്യത്തിന്റെയും അടിസ്‌ഥാനത്തിൽ ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം തന്ത്രപരവും ദീർഘകാല കാഴ്‌ചപ്പാടോടെയും മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കി.
ജപ്പാൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി, വരും ദിവസങ്ങളിൽ ചൈനയിലെ ടിയാൻജിനിൽ ഷാങ്‌ഹായ് സഹകരണ കൗൺസിൽ (എസ്‌സിഒ) സമ്മേളനത്തിൽ പങ്കെടുക്കും. 31ന് ചൈനീസ് പ്രസിഡണ്ട് ഷീ ജിൻപിങ്ങുമായി മോദി കൂടിക്കാഴ്‌ച നടത്തും.
ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദപരമായ ഉഭയകക്ഷി ബന്ധങ്ങൾ പ്രാദേശിക, ആഗോള സമാധാനത്തിലും സമൃദ്ധിയിലും നല്ല സ്വാധീനം ചെലുത്താൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞവർഷം കസാനിൽ വെച്ച് ചൈനീസ് പ്രസിഡണ്ടുമായി കൂടിക്കാഴ്‌ച നടത്തിയത് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
രണ്ടു പ്രധാന സാമ്പത്തിക ശക്‌തികളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക മേഖലയിൽ സ്‌ഥിരത കൊണ്ടുവരാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രി ഷിഗേറു ഇഷിബയുടെ ക്ഷണം അനുസരിച്ച് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി ജപ്പാനിലെത്തിയത്. പ്രതിരോധം, വാണിജ്യം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്‌തമാക്കുന്നത് അടക്കമുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്യും.
ഇതിന് പിന്നാലെ 31, സെപ്‌തംബർ ഒന്ന് തീയതികളിൽ ചൈനയും സന്ദർശിക്കും. ഏഴുവർഷത്തെ ഇടവേളക്ക് ശേഷമാണ് മോദി ചൈനയിലെത്തുന്നത്. ഒന്നിന് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി മോദി ചർച്ച നടത്തുന്നുണ്ട്. അമേരിക്ക വ്യാപാര തീരുവ 50 ശതമാനമാക്കിയതിന് പിന്നാലെയാണ് ഇന്ത്യ വിവിധ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്‌തമാക്കാനൊരുങ്ങുന്നത്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ