ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇസ്രയേലിൽ എത്തും. പ്രതിരോധം, സുരക്ഷ, തൊഴിൽ, വാണിജ്യം, എഐ, സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനുള്ള ധാരണാപത്രം ഒപ്പിടും.
പ്രതിരോധ രംഗത്ത് കൂടുതൽ സഹകരണത്തിനുള്ള തീരുമാനം ഉണ്ടാകുമെന്നാണ് വിദേശകാര്യ മന്ത്രാലയം വൃത്തങ്ങൾ നൽകുന്ന വിവരം. ഇസ്രയേൽ സേനയുടെ കരുത്തായി അയേൺ ഡോം വാങ്ങുന്നതിനുള്ള പദ്ധതിയും ഇന്ത്യക്കുണ്ട്. കേന്ദ്ര പ്രതിരോധ സെക്രട്ടറി ആർകെ. സിങ് കഴിഞ്ഞ നവംബറിൽ നടത്തിയ ഇസ്രയേൽ സന്ദർശന വേളയിലാണ് പ്രതിരോധ സഹകരണം ഊട്ടിയുറപ്പിച്ചത്.
ഈ സന്ദർശന വേളയിലാണ് വിപുലീകരിച്ച പ്രതിരോധ സഹകരണത്തെ കുറിച്ചുള്ള ധാരണാപത്രം ഒപ്പിട്ടത്. ദീർഘദൂര മിസൈലുകളെ പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ ആരോ, മധ്യദൂര മിസൈൽ പ്രതിരോധത്തിനുള്ള ഡേവിഡ്സ് സ്ളിങ് എന്നിവയും ഇന്ത്യയുടെ പരിഗണനയിലുണ്ട്. ഇന്ത്യ-ഇസ്രയേൽ സ്വതന്ത്ര വ്യാപാരക്കരാറിനുള്ള ആദ്യഘട്ട ചർച്ചയും കഴിഞ്ഞ ദിവസം ആരംഭിച്ചു. നാളെ സമാപിക്കും.
2017ലാണ് മോദി ഇസ്രയേൽ ആദ്യമായി സന്ദർശിച്ചത്. ഒമ്പത് വർഷത്തിന് ശേഷം പ്രധാനമന്ത്രി വീണ്ടും ഇസ്രയേൽ സന്ദർശിക്കുമ്പോൾ അതിന് തിരഞ്ഞെടുത്ത സമയം വിമർശനത്തിന് കാരണമായിട്ടുണ്ട്. യുഎസ് ആക്രമണം ഉണ്ടായേക്കുമെന്ന ആശങ്കയിൽ ഇറാനിൽ നിന്ന് ഇന്ത്യക്കാരോട് മടങ്ങാൻ നിർദ്ദേശിക്കുന്ന സമയത്താണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്ററി സമിതി യോഗത്തിൽ ചില അംഗങ്ങൾ വിമർശനം ഉയർത്തിയത്.
Most Read| അശ്ളീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ളാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്രം





































