ന്യൂഡെൽഹി: 41 വർഷത്തിന് ശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരൻ ശുഭാംശു ശുക്ളയുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹിരാകാശ നിലയത്തിൽ നിന്ന് വീഡിയോ സ്‌ട്രീമിങ്ങിലൂടെയാണ് ഇരുവരും സംസാരിച്ചത്. ബഹിരാകാശത്തിൽ ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ അഭിനന്ദിക്കുന്നെന്ന് ശുഭാംശു ശുക്ളയോട് പ്രധാനമന്ത്രി പറഞ്ഞു.
”ശുഭാംശു… താങ്കളിപ്പോൾ ജൻമ ഭൂമിയിൽ നിന്നും ഭാരത ഭൂമിയിൽ നിന്നും വളരെ അകലെയാണെങ്കിലും ഭാരതത്തിലെ ജനങ്ങളുടെ മനസിന്റെ ഏറ്റവും അരികിലാണ്. ‘ശുഭം’ എന്നത് താങ്കളുടെ പേരിലുമുണ്ട്. അതിനൊപ്പം തന്നെ താങ്കളുടെ യാത്ര പുതിയ യുഗത്തിന്റെ ശുഭാരംഭം കൂടിയാണ്.
ഈ സമയം നമ്മൾ രണ്ടുപേരും മാത്രമാണ് സംസാരിക്കുന്നതെങ്കിലും ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ സ്വപ്‌നങ്ങളും കൂടി നമുക്കൊപ്പം ചേരുകയാണ്. എന്റെ ശബ്‌ദത്തിൽ എല്ലാ ഇന്ത്യക്കാരുടെയും ആവേശം ഉൾച്ചേർന്നിരിക്കുന്നു. ബഹിരാകാശത്ത് ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ ഞാൻ താങ്കളെ അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്യുന്നു”- പ്രധാനമന്ത്രി പറഞ്ഞു.
അവിടെയെല്ലാം ശരിയായി നടക്കുന്നില്ലേയെന്നും, താങ്കളുടെ ആരോഗ്യം എങ്ങനെയുണ്ടെന്നും പ്രധാനമന്ത്രി ശുഭാംശു ശുക്ളയോട് ചോദിച്ചറിഞ്ഞു. എല്ലാവരുടെയും പ്രാർഥനയുടെയും ആശീർവാദത്തിന്റെയും കാരണത്താൽ എല്ലാം നന്നായി പോകുന്നുവെന്നും നിലയത്തിൽ സുരക്ഷിതനാണെന്നും ശുഭാംശു മറുപടി നൽകി. ഇതൊരു പുതിയ അനുഭവമാണെന്നും ശുഭാംശു പറഞ്ഞു.
ബഹിരാകാശത്ത് എത്തിയതിന് ശേഷം ആദ്യം തോന്നിയത് എന്തെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന്, ”അതിർത്തികളൊന്നും കാണാനില്ല” എന്നതായിരുന്നു ശുഭാംശുവിന്റെ മറുപടി. ”ഇതൊരു പുതിയ അനുഭവമാണ്. ഈ യാത്ര നമ്മുടെ രാജ്യത്തിന്റേത് കൂടിയാണ്. പുതിയ അനുഭവത്തെ ഒരു സ്‌പോഞ്ചിനെപ്പോലെ ആഗിരണം ചെയ്‌തുകൊണ്ടിരിക്കുകയാണ് ഞാൻ. അൽപ്പനേരം മുൻപ് ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ഞങ്ങൾ ഹവായിക്ക് മുകളിലൂടെ പറക്കുകയായിരുന്നു. ഒരുദിവസം ഞങ്ങൾ 16 തവണ സൂര്യോദയവും അസ്‌തമയവും കാണുന്നു”- ശുഭാംശു പറഞ്ഞു.
1984ൽ ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ രാകേഷ് ശർമയുമായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും ആശയവിനിമയം നടത്തിയിരുന്നു. മോദി- ശുഭാംശു സംഭാഷണത്തിലൂടെ ചരിത്രം വീണ്ടും ആവർത്തിച്ചു.
Most Read| ‘റോ’യുടെ തലപ്പത്തേക്ക് പരാഗ് ജെയിൻ; ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്ക്