തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സംരംഭകത്വ സഹായ പദ്ധതിയായ ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി’ (സിഎംഇഡിപി) വിജയകരമായി നടപ്പാക്കിയതിന് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി) 2022ലെ സ്കോച്ച് ദേശീയ അവാർഡ് സ്വന്തമാക്കി. ദേശീയ തലത്തിൽ ഡിജിറ്റൽ, സാമ്പത്തിക, സാമൂഹിക മേഖലകളിലെ മികച്ച ശ്രമങ്ങളെ അംഗീകരിക്കുന്നതാണ് സ്കോച്ച് (SKOCH) അവാർഡ്.
സംരംഭക അഭിരുചിയുള്ള തൊഴിൽ രഹിതരായ യുവാക്കളെ കണ്ടെത്തി സംരംഭങ്ങൾ സ്ഥാപിക്കാൻ ഒരു കോടി രൂപവരെ ലളിത വ്യവസ്ഥകളിൽ വായ്പ നൽകുന്ന പദ്ധതിയാണ് സിഎംഇഡിപി. പദ്ധതി ചിലവിന്റെ 90% വരെ വായ്പയായി കെഎഫ്സിയിൽ നിന്നും ലഭിക്കും. 2020 ജൂലൈ മാസം ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 1894ലധികം യൂണിറ്റുകൾ സ്ഥാപിക്കുകയും 158 കോടി രൂപ വായ്പ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ 7% പലിശയിൽ 50 ലക്ഷം വരെയാണ് വായ്പ നൽകിയിരുന്നത്. രണ്ടാം ഘട്ടത്തിൽ പലിശ 5% ആയി കുറക്കുകയും വായ്പാ പരിധി ഒരു കോടിയായി ഉയർത്തുകയും ചെയ്തു.
പദ്ധതി പ്രകാരം യുവാക്കളുടെ പുതിയ സംരംഭങ്ങൾക്ക് ലളിതമായ വ്യവസ്ഥയിൽ വായ്പ ലഭ്യമാക്കുകയും അതുവഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന്കെഎഫ്സി-സിഎംഡി സഞ്ജയ് കൗൾ ഐഎഎസ് പറഞ്ഞു. കേരളത്തിൽ ഇപ്പോൾ ലഭ്യമായതിൽ വെച്ച് ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഈ പദ്ധതിയിൽ വായ്പകൾ നൽകുന്നതെന്നും കോർപറേഷന്റെ പരിശ്രമങ്ങൾക്ക് ദേശീയ അംഗീകാരം ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതി പ്രകാരം ഈ വർഷം 500 കോടി രൂപ അനുവദിക്കാനാണ് കെഎഫ്സി ലക്ഷ്യമിടുന്നത്. അതേസമയം ഈ വർഷം മുതൽ സംരംഭകർക്ക് 5% പലിശയിൽ രണ്ട് കോടി രൂപ വരെയുള്ള വായ്പകൾ ലഭ്യമാക്കുന്ന രീതിയിൽ പദ്ധതിയെ പുനരാവിഷ്കരിക്കും എന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ വർഷവും 500 പുതിയ സംരംഭങ്ങൾ എന്ന കണക്കിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2500 സംരംഭങ്ങൾ തുടങ്ങുകയാണ് ലക്ഷ്യം.
Most Read: ഫോണിൽ നിന്ന് ദിലീപ് ഡിലീറ്റ് ചെയ്തത് ക്രൈം ബ്രാഞ്ച് വീണ്ടെടുത്തു







































