ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ 661 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി തുടങ്ങി ഇഡി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ പ്രതികളായ കേസില്‍ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന് കീഴിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നടപടി. 2023 താല്‍ക്കാലികമായി കണ്ടുകെട്ടിയ സ്വത്തുക്കളാണ് ഇപ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഏറ്റെടുക്കുന്നത്. ഗാന്ധി കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് കണ്ടുകെട്ടുന്ന സ്വത്തുക്കളെല്ലാം. ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ്, മുംബൈ ബാന്ദ്രയിലെ കെട്ടിടം, ലക്‌നൗവിലെ എജെഎല്‍ കെട്ടിടം എന്നിവിടങ്ങളില്‍ ഇഡി കണ്ടുകെട്ടല്‍ നോട്ടീസ് പതിപ്പിച്ചു കഴിഞ്ഞു.
ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിയാണ് കേസുമായി രംഗത്തെത്തിയത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായിരുന്ന ദി അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്-എജെഎല്‍ എന്ന കമ്പനിയെ സോണിയയുടെ നേതൃത്വത്തിലുള്ള യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി തട്ടിയെടുത്തു എന്നായിരുന്നു പരാതി. 2000 കോടിയോളം വിലവരുന്ന സ്വത്തുവകകള്‍ തുഛമായ വിലയ്‌ക്ക് സോണിയയും രാഹുലും ചേര്‍ന്ന് സ്വന്തമാക്കിയെന്നാണ് പരാതി.
5000 സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ഓഹരിയുണ്ടായിരുന്ന ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എജെഎല്‍ കമ്പനിയെ യങ് ഇന്ത്യന്‍ എന്നൊരു കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് സ്വാമി ആരോപിക്കുന്നത്. 1,600 കോടി രൂപ മതിക്കുന്ന ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്‌ക്ക് ഇവര്‍ സ്വന്തമാക്കിയെതെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി ആരോപിച്ചിരുന്നു.
അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഏറ്റെടുക്കാന്‍ യങ് ഇന്ത്യന്‍ കമ്പനിക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 90 കോടി രൂപ വായ്‌പ അനുവദിച്ചുവെന്നും ഇത് ചട്ടവിരുദ്ധമാണെന്നും സ്വാമി ആരോപിച്ചു. ഇന്ത്യയിലെ ഒരു രാഷ്‌ട്രീയപാര്‍ട്ടിക്കും വാണിജ്യാവശ്യങ്ങള്‍ക്കു വേണ്ടി വായ്‌പ നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഏറ്റെടുക്കാന്‍ മാത്രമാണീ വായ്‌പ എന്നും ഇതിനു പുറകില്‍ വാണിജ്യ താല്‍പര്യങ്ങളില്ലെന്നുമാണ് കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചത്.
MOST READ | ‘ഇര ക്ഷണിച്ചുവരുത്തിയത്’; ബലാൽസംഗകേസിൽ പ്രതിക്ക് ജാമ്യം