കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം നടത്താൻ ഉത്തരവിട്ട് തലശ്ശേരി സെഷൻസ് കോടതി. നവീൻ ബാബുവിന്റെ ഭാര്യ സമർപ്പിച്ച കോടതിയുടെ നിർണായക ഉത്തരവ്. കുടുംബം ഹരജിയിൽ ആവശ്യപ്പെട്ട നാല് കാര്യങ്ങളിൽ തുടരന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാനാണ് കോടതി ഉത്തരവ്.
പോലീസ് അന്വേഷണത്തിലെ 13 വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് നവീന്റെ ഭാര്യ കോടതിയെ സമീപിച്ചത്. മേയ് 30നകം റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം. നാല് പ്രധാന കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
കേസിൽ ആരോപണ വിധേയയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി. ദിവ്യയുടെ ഫോൺ പരിശോധിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഔദ്യോഗിക ഫോണിലെ വിവരങ്ങൾ കൂടി ശേഖരിക്കാനാണ് കോടതി ഉത്തരവ്. സ്വകാര്യ ഫോണിലെ വിവരങ്ങൾ മാത്രമാണ് പോലീസ് ശേഖരിച്ചത്. നവീനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തൻ, സ്വർണം പണയം വെച്ചാണ് ഒരുലക്ഷം നൽകിയതെന്ന് പറയുന്നു. ഇതിന്റെ രേഖകൾ ഹാജരാക്കണം.
പള്ളിക്കുന്നിൽ പ്രശാന്തനും നവീൻ ബാബുവും കൂടിക്കാഴ്ച നടത്തിയെന്ന് പറയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തണം. കൈക്കൂലി കേസിൽ വിജിലൻസിൽ പരാതി നൽകിയെന്ന് പറയുന്നുണ്ട്. വിജിലൻസ് ഉദ്യോഗസ്ഥർ കേസിൽ ഇടപെട്ടത് എങ്ങനെയാണെന്ന് അന്വേഷിച്ച് അവരുടെ മൊഴി രേഖപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.
തുടരന്വേഷണം ആവശ്യപ്പെട്ട് ആദ്യം കണ്ണൂർ മജിസ്ട്രേറ്റ് കോടതിയെയാണ് കുടുംബം സമീപിച്ചത്. തുടർന്ന് കേസ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് തവണ വാദം കേട്ട ശേഷമാണ് വിധി. നിലവിലെ അന്വേഷണ സംഘത്തിന് കനത്ത പ്രഹരമേൽപ്പിക്കുന്ന ഈ തീരുമാനം, കേസിൽ നീതി തേടുന്ന കുടുംബത്തിന്റെ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
2024 ഓഗസ്റ്റ് 15ന് രാവിലെയാണ് നവീൻ ബാബുവിനെ കണ്ണൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്ന് കണ്ണൂർ കളക്ട്രേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ആത്മഹത്യക്ക് പിന്നിൽ അഴിമതി ആരോപണമാണെന്ന പരാതികൾ ഉയർന്നതോടെ ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചിരുന്നു.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്മയമായി മഹർലൂ തടാകം





































