കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ മഞ്‌ജുഷ നൽകിയ ഹരജിയിലാണ് ഹൈക്കോടതി നിർദ്ദേശം. അന്വേഷണം സംബന്ധിച്ച് സത്യവാങ്മൂലവും നൽകണം.
പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇൻസ്‌പെക്‌ടർക്കാണ് ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദ്ദേശം നൽകിയത്. സിബിഐക്ക് നോട്ടീസ് അയക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഹരജി തീർപ്പാക്കുന്നതുവരെ എസ്ഐടി അന്തിമ റിപ്പോർട് നൽകുന്നത് തടയണമെന്ന ഹരജിക്കാരുടെ ഇടക്കാല ആവശ്യവും ഹൈക്കോടതി അനുവദിച്ചില്ല. അന്വേഷണം നടക്കട്ടെയെന്ന് കോടതി വ്യക്‌തമാക്കി.
ഉന്നത രാഷ്‌ട്രീയ സ്വാധീനമുള്ള പ്രതി തെളിവുകൾ നിർമിക്കുകയാണെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. അന്വേഷണ ഉദ്യോഗസ്‌ഥർ പ്രോട്ടോകോൾ പ്രകാരം പ്രതിയുടെ താഴെയുള്ളവരാണ്. നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് പറയുന്ന പ്രശാന്തന്റെ പേരും ഒപ്പും വ്യത്യസ്‌തമാണ്. അന്വേഷണ സംഘം പ്രതികളെ സഹായിക്കുകയാണ്. പ്രത്യേകാന്വേഷണ സംഘം എന്ന പേരുമാത്രമേയുള്ളൂ എന്നും ഹരജിക്കാർ വാദിച്ചു.
ഡിഎമ്മിന്റേത് ആത്‍മഹത്യയല്ലേ എന്നും കൊലപാതകമെന്ന് സംശയിക്കാൻ എന്താണ് കാരണമെന്നും കോടതി ആരാഞ്ഞു. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആശങ്കപ്പെടാൻ പ്രതി രാഷ്‌ട്രീയ നേതാവാണെന്നതിലുപരി മറ്റു കാരണമുണ്ടോയെന്നും കോടതി ചോദിച്ചു. എന്നാൽ, നവീൻ ബാബു മരിക്കുന്നതിന് മുമ്പുള്ള മണിക്കൂറുകളിൽ എന്താണ് സംഭവിച്ചത് എന്നത് പുറത്തു വന്നിട്ടില്ലെന്നും ഹരജിക്കാർ പറഞ്ഞു.
Most Read| ആറുദിവസം കൊണ്ട് 5,750 മീറ്റർ ഉയരം താണ്ടി; കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി