തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ മാത്രമാണ് പ്രതിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ശാസ്‌ത്രീയ തെളിവുകളടക്കം ഉൾപ്പെടുത്തിയ കുറ്റപത്രം കണ്ണൂർ റേഞ്ച് ഡിഐജിക്ക് അന്വേഷണ സംഘം സമർപ്പിച്ചു.
ഡിഐജിയുടെ അനുമതി കിട്ടിയാലുടൻ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. ദിവ്യയുടെ അധിക്ഷേപത്തിൽ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കിയതെന്നും ആസൂത്രിതമായ അധിക്ഷേപമാണ് പ്രതി നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് സ്വകാര്യ ചാനലിനെ ദിവ്യ വിളിച്ചു വരുത്തിയെന്നും കുറ്റപത്രത്തിൽ വ്യക്‌തമാക്കുന്നു.
അതേസമയം, നവീൻ ബാബുവിന്റേത് ആത്‍മഹത്യ തന്നെയാണെന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന ഒന്നും ശാസ്‌ത്രീയ പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്‌തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് നവീന്റെ കുടുംബാംഗങ്ങൾ അടക്കം 82 പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
2024 ഓഗസ്‌റ്റ് 15ന് രാവിലെയാണ് നവീൻ ബാബുവിനെ കണ്ണൂരിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്ന് കണ്ണൂർ കളക്‌ട്രേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
ആത്‍മഹത്യക്ക് പിന്നിൽ അഴിമതി ആരോപണമാണെന്ന പരാതികൾ ഉയർന്നതോടെ ദിവ്യക്കെതിരെ ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുക്കുകയും അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ഇതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്നും പാർട്ടി ചുമതലകളിൽ നിന്നും സിപിഎം ദിവ്യയെ ഒഴിവാക്കി.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ