‘നാവിക സാഗർ പരിക്രമ’ രണ്ടാം പതിപ്പിന്റെ ഭാഗമായുള്ള സമുദ്ര പരിക്രമണം പൂർത്തിയാക്കി ദിൽനയും രൂപയും. പായ്‌വഞ്ചിയിൽ എട്ടുമാസം കൊണ്ട് 40,000 കിലോമീറ്റർ ദൂരം സാഹസികമായി താണ്ടിയാണ് കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി ലഫ്. കമാൻഡർ കെ ദിൽന, പുതുച്ചേരി സ്വദേശി ലഫ്. കമാൻഡർ എ. രൂപ എന്നിവർ സമുദ്ര പരിക്രമണം പൂർത്തിയാക്കിയത്.
കാലാവസ്‌ഥ അനുകൂലമാണെങ്കിൽ ഇവർ സഞ്ചരിക്കുന്ന നാവികസേനയുടെ പായ്‌വഞ്ചി, ‘ഐഎൻഎസ്‌വി തരിണി’ ഈ മാസം 30നും ജൂൺ രണ്ടിനുമിടയിൽ ഗോവ തീരം തൊടും. കഴിഞ്ഞവർഷം ഗാന്ധിജയന്തി ദിനത്തിൽ ഗോവയിലെ നാവികത്താവളമായ ഐഎൻഎസ് മണ്ഡോവിയിൽ നിന്നാണ് ഇരുവരും യാത്ര പുറപ്പെട്ടത്.
കാറ്റിനെ ആശ്രയിച്ചായിരുന്നു വിവിധ സമുദ്രങ്ങൾ താണ്ടിയുള്ള സഞ്ചാരം. ഓസ്ട്രേലിയയിലെ ഫ്രീമാന്റിൽ, ന്യൂസിലൻഡിലെ ലൈറ്റിൽട്ടൻ, ഫോക്ക്‌ലാൻഡ് ദ്വീപുകളിലെ പോർട്ട് സ്‌റ്റാൻലി, ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ എന്നീ തുറമുഖങ്ങളിൽ എത്തി. ചിലെയിലെ കേപ് ഹോൺ, ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്, ഓസ്‌ട്രേലിയയിലെ കേപ്‌ല്യൂവിൻ മുനമ്പുകളും പിന്നിട്ടു.
പായ്‌ക്കപ്പൽ സാഹസികനും റിട്ട. മലയാളി നാവികനുമായ അഭിലാഷ് ടോമിയാണ് ദിൽനയുടെയും രൂപയുടെയും പ്രധാന പരിശീലകൻ. 2017ൽ ആദ്യത്തെ നാവിക സാഗർ പരിക്രമയിൽ ആറ് വനിതകളുടെ സംഘം പായ്‌ക്കപ്പലിൽ ലോകം ചുറ്റിയെത്തിയിരുന്നു. 2017 സെപ്‌തംബർ പത്തുമുതൽ 2018 മേയ് 21 വരെ 254 ദിവസം നീണ്ടുനിന്നതായിരുന്നു നാവിക സാഗർ പരിക്രമയുടെ ആദ്യ ദൗത്യം.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ