ന്യൂഡെൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയ പശ്‌ചാത്തലത്തിൽ, താരിഫുകളുടെ ആഘാതം നികത്തുന്നതിനായി ബദൽ പദ്ധതികളുമായി ഇന്ത്യ. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 20ൽ നിന്ന് 50 രാജ്യങ്ങളിലേക്ക് വർധിപ്പിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
മിഡിൽ ഈസ്‌റ്റ്, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലെ വിപണികൾ ലക്ഷ്യമിട്ടാണ് ഇന്ത്യ കയറ്റുമതി വ്യാപിപ്പിക്കുന്നത്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 90 ശതമാനവും ഈ പ്രദേശങ്ങളിലെ രാജ്യങ്ങളിലേക്കാണ് പോകുന്നത്. കയറ്റുമതി വൈവിധ്യവൽക്കരണം, ഇറക്കുമതിക്ക് പകരം വയ്‌ക്കൽ, കയറ്റുമതി മൽസരശേഷി വർധിപ്പിക്കൽ തുടങ്ങി മൂന്ന് പ്രധാന മേഖലകൾ സജീവമാക്കാൻ വാണിജ്യ മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്‌ഥർ പറഞ്ഞു.
ഓരോ വിപണിക്കും വേണ്ട മുൻഗണനാ ഉൽപ്പന്നങ്ങൾ തിരിച്ചറിയുക, വ്യാപാര പ്രോൽസാഹന ശ്രമങ്ങൾ ശക്‌തിപ്പെടുത്തുക, ലോജിസ്‌റ്റിക്കൽ, നിയന്ത്രണ തടസങ്ങൾ പരിഹരിക്കുക എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. യുഎസ് ഉൾപ്പടെയുള്ള ചില പ്രധാന കയറ്റുമതി രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കുന്നതിനും പെട്ടെന്നുള്ള വ്യാപാര തടസങ്ങൾക്കെതിരെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അതിനിടെ, ഇന്ത്യയിൽ അമേരിക്കൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം സോഷ്യൽ മീഡിയകളിൽ വ്യാപകമായിട്ടുണ്ട്. സ്വദേശി ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വ്യവസായ പ്രമുഖരുടെയും ആഹ്വാനത്തിന് ചുവടുപിടിച്ചാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതിഷേധം കനക്കുന്നത്.
ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ അമേരിക്കൻ ബ്രാൻഡുകളുടെ പ്രധാന വിപണികളിലൊന്നാണ്. ഡൊമിനോസ്, മക്‌ഡോണൾഡ്‌സ്, ശീതളപാനീയ കമ്പനികളായ പെപ്‌സി, കൊക്കക്കോള, ഐഫോൺ തുടങ്ങിയവയ്‌ക്ക് എതിരെയാണ് ബഹിഷ്‌കരണാഹ്വാനം ഉയർന്നിട്ടുള്ളത്. നിലവിൽ ബഹിഷ്‌കരണാഹ്വാനം കമ്പനികളുടെ വിൽപ്പനയെ ബാധിച്ചിട്ടില്ലെന്നാണ് വിവരം.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!