കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന്റെ കഫറ്റീരിയയ്‌ക്ക് സമീപമുള്ള മാലിന്യക്കുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. രാജസ്‌ഥാൻ സ്വദേശിയായ സൗരഭിന്റെ മകൻ റിതൻ ജാജുവാണ് മരിച്ചത്. ജയ്‌പൂരിൽ നിന്ന് ഇന്ന് രാവിലെ 11.30ന് ലാൻഡ് ചെയ്‌ത വിമാനത്തിലായിരുന്നു ഇവരുണ്ടായിരുന്നത്. സഹോദരനൊപ്പം കളിക്കുന്നതിനിടെ ഒരുമണിയോടെയാണ് അപകടം.
പത്തുമിനിറ്റോളം കുട്ടി കുഴിയിൽ കിടന്നു. പുറത്തെടുത്ത ഉടൻ കുട്ടി മാലിന്യം ഛർദിച്ചു. പിന്നാലെ അനക്കമറ്റ കുട്ടിക്ക് സിപിആർ നൽകിയതിന് ശേഷം തൊട്ടടുത്തുള്ള അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. അവിടെവെച്ച് മരണം സ്‌ഥിരീകരിച്ചു. ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു കുട്ടിയെ കാണാതായത്.
മാതാപിതാക്കൾ കഫെയുടെ അകത്തും പുറത്തുമെല്ലാം കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്‌ഥരോട് കുട്ടിയെ കാണാതായ വിവരം അറിയിച്ചു. അന്വേഷണം തുടരുന്നതിനിടെ മാലിന്യക്കുഴിയുടെ സമീപംകുട്ടിയുടെ ചെരുപ്പ് പിതാവ് കണ്ടെത്തി. കുട്ടിയെ വലിച്ച് മുകളിലേക്ക് എടുത്തപ്പോൾ വായിലുൾപ്പടെ മാലിന്യം ഉണ്ടായിരുന്നു.
മാലിന്യക്കുഴി തുറന്ന നിലയിലായിരുന്നുവെന്നാണ് റിപ്പോർട്. അപകട ശേഷം മാലിന്യക്കുഴി പ്‌ളാസ്‌റ്റികെ കൊണ്ട് മൂടുകയായിരുന്നു. അതേസമയം, കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് സിയാൽ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Most Read| രാജ്യാന്തര ക്രിമിനൽ കോടതിക്ക് ഉപരോധം; ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്