കൊച്ചി: വിമാനം റദ്ദാക്കിയതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ രാത്രി 11.30ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം ഇന്ന് പുലർച്ചെയും പുറപ്പെട്ടിരുന്നില്ല. രാവിലെ 7.30നാണ് വിമാനം റദ്ദാക്കിയതായി അധികൃതർ യാത്രക്കാരെ അറിയിച്ചത്.
ഇത് വിമാനത്താവളത്തിൽ വൻ ബഹളത്തിനിടയാക്കി. ഒടുവിൽ പോലീസെത്തിയാണ് യാത്രക്കാരെ അനുനയിപ്പിച്ചത്. സാങ്കേതിക പ്രശ്‌നമാണ് വിമാനം റദ്ദാക്കാൻ കാരണമെന്നാണ് വിദശീകരണം. എന്നാൽ, വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട് അധികൃതർ കൃത്യമായി അറിയിപ്പ് നൽകിയിരുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം.
ജോലിയിൽ പ്രവേശിക്കാനുള്ളവരും പരീക്ഷയ്‌ക്കായി പോകുന്ന വിദ്യാർഥികളും ഉൾപ്പടെ യാത്രക്കാരിൽ ഉണ്ടായിരുന്നു. മറ്റൊരു വിമാനത്തിൽ യാത്രക്കുള്ള സൗകര്യം ഒരുക്കിത്തരാൻ ഇവർ ആവശ്യപ്പെട്ടെങ്കിലും അത്തരത്തിലൊരു സംവിധാനം ഇല്ലെന്നായിരുന്നു അധികൃതരുടെ മറുപടി. ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ടാകാൻ ഏഴ് ദിവസമാണ് സമയമെടുക്കുക.
വിമാനം വൈകുമെന്നും പുലർച്ചെ മൂന്ന് മണിയോടെ പുറപ്പെടുമെന്നും ചില യാത്രക്കാർക്ക് സന്ദേശം ലഭിച്ചിരുന്നു. പിന്നീട് വിമാനം വൈകുമെന്നും 3.40ന് പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും ചെക്ക്-ഇൻ പൂർത്തിയാക്കി യാത്രക്കാർ നേരം പുലരുന്നത് വരെ കാത്തുനിൽക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാവിലെയോടെ വിമാനം റദ്ദാക്കിയതായി അധികൃതർ അറിയിപ്പ് നൽകിയത്.
Most Read| ഗാസയിൽ സ്‌കൂളിന് നേരെ തുടർച്ചയായി മൂന്ന് തവണ ബോംബാക്രമണം; 17 മരണം